പെരുന്നാളിന് ആശംസ നൽകാൻ റിഫയില്ല; കണ്ണീർക്കയത്തിൽ കുടുംബം
text_fieldsകാക്കൂർ (കോഴിക്കോട്): ഇത്തവണ പെരുന്നാൾ ആഘോഷിക്കാൻ മകൾ ഇല്ലല്ലോ എന്ന വേദനയിലാണ് ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച േബ്ലാഗർ റിഫ മെഹ്നുവിന്റെ ബാപ്പ റാഷിദും ഉമ്മ ഷെറീനയും.
പോകുന്നതിനു മുമ്പുള്ള രണ്ടു പെരുന്നാളിനും ഉമ്മക്കും കുടുംബത്തിലെ മറ്റു സ്ത്രീകൾക്കും കരവിരുതിൽ മൈലാഞ്ചിയിട്ടത് റിഫയായിരുന്നുവെന്ന് കണ്ണീരോടെ ഉമ്മ ഷെറീന പറയുന്നു. ജീവിച്ചു കൊതിതീരാതെ അകാലത്തിൽ പ്രാണൻ നഷ്ടമായതിന്റെ കദനകഥ കേൾക്കുന്നവരെപ്പോലും കണ്ണീരണിയിക്കുന്നു. ഒരുപക്ഷേ റിഫ ജീവിച്ചിരുന്നുവെങ്കിൽ വാടകവീട്ടിൽ കഴിയേണ്ടിവരില്ലായിരുന്നുവെന്ന് ഉമ്മ ഷെറീന പറയുന്നു.
സുരക്ഷിതമായ ഒരു വീട്. അതായിരുന്നു മാതാപിതാക്കൾക്കായി റിഫ കണ്ട സ്വപ്നം. ആ ഒരു ലക്ഷ്യം മനസ്സിൽ കണ്ട് ഗൾഫ് രാജ്യത്തേക്ക് പറന്നപ്പോൾ വീട്ടുകാരും സ്വപ്നത്തേരിലായി. റിഫയുടെ ഖബർസ്ഥാനിൽ പോയി റാഷിദ് പ്രാർഥിക്കും; മകൾക്ക് നീതി കിട്ടാൻ.
മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശനിയാഴ്ച രാവിലെ മന്ത്രിയെ കാണാൻ പോയപ്പോൾ 'മകളുടെ മരണത്തിന് കാരണക്കാരൻ ആരാണോ അത് പുറത്തുവരണം, ഗൾഫിൽ പോസ്റ്റ്മോർട്ടം ചെയ്യാത്തതിനാൽ ഇവിടെ അതിനുള്ള സൗകര്യം ചെയ്തുതരണ'മെന്നും റാഷിദ് ആവശ്യപ്പെട്ടു. റിഫ അനുഭവിച്ച പീഡനങ്ങൾ ഏറെയായിരുന്നുവെന്ന് വൈകിയാണ് അറിയാൻ കഴിഞ്ഞതെന്ന് ഷെറീന പറയുന്നു. റിഫയെ ഇപ്പോൾ കാണുന്നത് രണ്ടു വയസ്സുകാരനായ മകൻ ഹസനിലൂടെയാണെന്നും ഷെറീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.