റോഡ് പണി ഇഴഞ്ഞു; കരാർ കമ്പനി പിഴയടക്കണം
text_fieldsകോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട് ഭാഗത്തെ നവീകരണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കരാര്‍ കമ്പനിക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. കരാര്‍ കമ്പനിയായ നാഥ് ഇന്ഫ്രാസ്ട്രക്ചറില്നിന്ന് പിഴ (ലിക്വിഡേറ്റഡ് ഡാമേജ്) ഇടാക്കാൻ എക്സിക്യൂട്ടിവ് എൻജിനീയര്‍ നിര്‍ദേശിച്ചു. പുല്ലാഞ്ഞിമേട് ഭാഗത്തെ വളവിൽ നവീകരണപ്രവൃത്തി നടന്നു വരുകയായിരുന്നു. പ്രവൃത്തി മന്ദഗതിയിലാണെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സെപ്റ്റംബര്‍ 17ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്കി. 24 മീറ്റര്‍ നീളമുള്ള കള്വര്ട്ടിെൻറ ഒരുഭാഗത്തെ പ്രവൃത്തി ഒക്ടോബര്‍ 15നകം തീര്‍ക്കണം എന്ന് തീരുമാനിച്ചിരുന്നു. കരാര്‍ കമ്പനി ഇക്കാര്യം മന്ത്രിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. കൂടാതെ താമരശ്ശേരി മുതല്‍ ചുരം വരെയുള്ള കുഴികള്‍ അടക്കാമെന്നും സമ്മതിച്ചു.
എന്നാല്‍, ഉറപ്പുപാലിച്ച് നിശ്ചയിച്ച പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കമ്പനി തയാറായില്ല. പ്രവൃത്തി വിലയിരുത്താന്‍ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് കരാറുകാര്‍ക്ക് രേഖാമൂലം നിര്‍ദേശം നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. പ്രവൃത്തി വേഗത്തിലാക്കി നിശ്ചയിച്ച ഷെഡ്യൂളിലേത് പൂര്‍ത്തിയാക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടിയിലേക്ക് നീങ്ങിയത്. നേരത്തെ തന്നെ പ്രവൃത്തി മന്ദഗതിയിലായതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട പാതയിലെ പ്രവൃത്തി പൂർത്തീകരിക്കാത്തത് ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി. നിശ്ചയിച്ച സമയത്ത് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ തയാറാകാത്ത കരാറുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.