വ്യഭിചാര കേന്ദ്രത്തിൽ കയറി കൊള്ള; മൂന്നു പേർ അറസ്റ്റിൽ
text_fieldsകോഴിക്കോട്: മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്‍റ് ഫ്ലാറ്റിലെ വ്യഭിചാര ശാലയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും ഫോണുകളും കവർന്ന മൂന്നു പേർ പിടിയിൽ. കാളാണ്ടിതാഴം കീഴ്മനതാഴത്തു വീട്ടിൽ അരുൺ ദാസ് (28 ), ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25 ), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22 ) എന്നിവരെയാണ് മെഡിക്കൽ കോളജ് അസിസ്റ്റന്‍റ് പൊലീസ് കമീഷണർ കെ. സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത 17,000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസും കണ്ടെടുത്തു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ പിറവം, സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനിരയായത്. മലപ്പുറം വേങ്ങര അച്ചനമ്പലം സ്വദേശി മൂഴിയാൻ അബ്ദുൽ ജലീലാണ് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നത്. ചേവായൂർ സ്വദേശി ആലുങ്ങൽ അബ്ദുൽ റഷീദ് എന്നയാളാണ് ഫ്ലാറ്റ് ഏറ്റെടുത്തു നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ താമസിപ്പിച്ചിരുന്ന അന്തർസംസ്ഥാന പെൺകുട്ടികളെ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ആവശ്യക്കാർക്ക് കൈമാറുകയായിരുന്നു.
അബ്ദുൽ ജലീലിനെയും പ്രതികളെ സഹായിച്ചവരെയും പിടികൂടാനുണ്ട്. സ്ഥലത്തുണ്ടായിരുന്ന പെൺകുട്ടികൾക്കായും അന്വേഷണം തുടങ്ങി. പീഡനം നടന്നിട്ടുണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്ധ്യ ജോർജ്ജ്, സിവിൽ പൊലീസ് ഓഫിസർ പി. സ്മരുൺ, സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.