വിമാന കമ്പനികളുടെ കൊള്ള: എയർ കേരള ഉടൻ തുടങ്ങണം -ദുബൈ കെ.എം.സി.സി
text_fieldsകോഴിക്കോട്: വിമാന കമ്പനികള്‍ സീസണുകളില്‍ വൻ നിരക്ക് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ എയര്‍ കേരള ഉടൻ പ്രാവര്‍ത്തികമാക്കണമെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് സെക്ടറില്‍ വിമാന കമ്പനികള്‍ ഒരു നീതീകരണവുമില്ലാത്ത പിടിച്ചുപറിയാണ് നടത്തുന്നത്. കോവിഡ് കാലത്ത് ടിക്കറ്റ് നിരക്കില്‍ 41 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിനു പുറമെയാണ് സീസണ് സമയത്തെ കഴുത്തറുപ്പന്‍ കൊള്ള. തിരക്ക് കൂടുമ്പോള്‍ തോന്നുംപോലെ വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. വാരാന്ത്യ ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വീണ്ടും കൂടും. സെപ്റ്റംബര്‍ ആദ്യവാരമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ തുറക്കുന്നത്. അതിനാല്‍ പ്രവാസികള്‍ക്ക് യാത്ര മാറ്റിവെക്കാനാവില്ല. പ്രവാസികളുടെ നിസ്സഹായാവസ്ഥ എയര്‍ലൈനുകള്‍ ചൂഷണം ചെയ്യുകയാണെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
കൊച്ചിയില്‍നിന്ന് ദുബൈയിലേക്ക് ഇത്തിഹാദ് എയർവേസ് ഈടാക്കുന്നത് 75,486 രൂപയാണ്. എമിറേറ്റ്സ് 72,872 രൂപയും എയര്‍ ഇന്ത്യ എക്സ്പ്രസ് 39,106 രൂപയും ഈടാക്കുന്നു. എന്നാല്‍, അതേ ദിവസം മുംബൈയില്‍നിന്ന് ദുബൈയിലേക്ക് 20,859 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ആഗസ്റ്റ് 31ന് കോഴിക്കോടുനിന്ന് ദോഹയിലേക്ക് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്ന നിരക്ക് 71,549 രൂപയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് 44,532 രൂപ ഈടാക്കുന്നു. ഇതേ ദിവസം ബംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് 30,505 രൂപ മതി. അതേസമയം, കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നത് 32,704 രൂപയാണ്. എയര്‍ അറേബ്യയുടെ ടിക്കറ്റ് നിരക്ക് 22,909 രൂപയും.
വിമാനത്തില്‍ ദാഹിച്ചു വലയുന്ന യാത്രക്കാര്‍ക്ക് നിരന്തരം ആവശ്യപ്പെടുമ്പോള്‍ ചെറിയ ഡിസ്പോസബ്ള്‍ ഗ്ലാസിലാണ് എയര്‍ ഇന്ത്യ വെള്ളം നല്‍കുന്നത്. ദുബൈയില്‍നിന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുടിവെള്ള ബോട്ടില്‍ വിതരണം ഏറ്റെടുക്കാന്‍ കെ.എം.സി.സി ഒരുക്കമാണെന്നും നേതാക്കൾ പറഞ്ഞു.c
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.