ജനങ്ങളെ ഭീതിയിലാഴ്ത്തി അർധരാത്രി സ്ഫോടവസ്തു ഉപയോഗിച്ച് കരിങ്കൽഖനനം
text_fieldsമുക്കം: ജനവാസമേഖലയിൽ അർധരാത്രി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് - പാറത്തോട് റോഡിൽ മിൽമ ജങ്ഷനിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പുതുവർഷപ്പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സന്ദർഭം മുതലെടുത്ത് അനധികൃതമായി പാറ പൊട്ടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
പരിസരത്തെ വീടുകളിൽ ഉറങ്ങുന്നവർ സ്ഫോടന ശബ്ദംകേട്ട് ഉണർന്നപ്പോൾ പൊടിപടലം കാരണം ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നെന്നും സ്ഫോടനം കേട്ട സ്ഥലം ലക്ഷ്യമാക്കി ഓടിച്ചെന്നപ്പോൾ അവിടെനിന്ന് ആളുകൾ റബർ തോട്ടത്തിൽ ഓടിമറയുകയായിരുന്നെന്നും രണ്ടു ബൈക്കുകൾ അവിടെ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെന്നും നാട്ടുകാർ പറയുന്നു. ഇതേസ്ഥലത്ത് ഇതിനുമുമ്പും അനധികൃതമായി പാറ ഖനനം നടത്തുകയും കെട്ടിടം നിർമിക്കാൻ കാരശ്ശേരി പഞ്ചായത്തിൽനിന്ന് വാങ്ങിയ അനുമതിയുടെ മറവിൽ കുന്നിടിച്ച് മണ്ണെടുത്ത് മലാങ്കുന്ന് ഗ്രൗണ്ടിനടുത്തുള്ള വയലിലടക്കം പല സ്ഥലത്തും നിക്ഷേപിക്കുകയും പരാതിയെ തുടർന്ന് റവന്യൂ അധികൃതരും പഞ്ചായത്തധികാരികളും ഇടപെട്ട് തിരിച്ചെടുപ്പിക്കുകയും ചെയ്തതാണ്. ഒരുമാസം മുമ്പ് ഇവിടെ സ്ഫോടകവസ്തുക്കളുപയോഗിച്ച് പാറ പൊട്ടിച്ചപ്പോൾ പരിസരവാസികൾ തടയുകയും അധികൃതർ ഇടപെട്ട് മേലിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ഈ ഉറപ്പിന് വിരുദ്ധമായാണ് കഴിഞ്ഞദിവസം അർധരാത്രിയിൽ ഖനനം നടത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അനധികൃത സ്ഫോടനത്തിന് ഉത്തരവാദികളായവരുടെയും അവർക്ക് സ്ഫോടകവസ്തുക്കൾ കൈമാറിയവരുടെയും പേരിൽ കേസെടുക്കണമെന്നും ആളുകൾ താമസിക്കുന്നതിനിടയിലുള്ള സ്ഥലത്ത് സ്ഫോടനം നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കോഴിക്കോട് റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് അടക്കമുള്ള അധികാരികൾക്ക് പരാതി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്ഫോടകവസ്തു വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.