ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കരാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കി സർക്കാർ
text_fieldsകോഴിക്കോട്: കരാർ ജീവനക്കാർക്ക് വർഷങ്ങളോളം നൽകിയ ആനുകൂല്യങ്ങൾ നിർത്തലാക്കി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംസ്ഥാന മിഷൻ. പത്തും പതിനഞ്ചും വർഷം ജോലിചെയ്തിട്ടും സ്ഥിരം തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന പരാതിക്കിടെയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജില്ലതല കരാർ ജീവനക്കാർക്ക് കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്കൂടി നിർത്തലാക്കിയത്. കരാർ ജീവനക്കാരായ സംസ്ഥാന/ജില്ല ഐ.ടി പേഴ്സന്മാർ, ജില്ല എൻജിനീയർമാർ, ജില്ലതല അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റന്റുമാർ തുടങ്ങിയവരുടെ ആനുകൂല്യങ്ങളാണ് നിർത്തലാക്കിയത്.
ജോലി ആവശ്യാർഥം നിരന്തരം ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തും യാത്രചെയ്യേണ്ടിവരുന്ന ഇവർക്ക് 2008ലെ സർക്കാർ ഉത്തരവ് പ്രകാരം നൽകിക്കൊണ്ടിരുന്ന യാത്രാബത്ത സംസ്ഥാന മിഷൻ ഓഫിസിലെ ചില ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞെന്നാണ് ആക്ഷേപം.
വാക്കാലുള്ള നിർദേശത്തിലൂടെയാണ് കഴിഞ്ഞ മാർച്ച് മുതൽ ആനുകൂല്യം തടഞ്ഞിരിക്കുന്നത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഇത്തരം ജീവനക്കാർക്ക് സ്ഥിരം തൊഴിലാളികൾക്കുള്ള അവധി, മെഡിക്കൽ അലവൻസ്, ഡി.എ തുടങ്ങിയ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഇപ്പോൾ കിട്ടുന്ന നാമമാത്രമായ കൂലി യാത്രാ ചെലവിന് പോലും തികയുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
യാത്രാക്കൂലി ഇനത്തിൽ വരുന്ന മുഴുവൻ ചെലവും വഹിക്കുന്നത് കേന്ദ്രസർക്കാറാണെന്നിരിക്കെ അത് തടഞ്ഞുവെച്ച സംസ്ഥാന മിഷൻ നടപടിക്ക് ഒരു നീതികരണവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കരാർ ജീവനക്കാരുടെ യാത്രാബത്ത തടയുന്നത് സംബന്ധിച്ച് ഒരു തരത്തിലുള്ള ഓഡിറ്റ് പരാമർശമോ കേന്ദ്ര ഉത്തരവോ ഉണ്ടായിട്ടുമില്ല.
സ്ഥിരം ജീവനക്കാർ അല്ലാത്തതിനാൽ പ്രതിഷേധിക്കാനോ സമരം ചെയ്യാനോ കഴിയാതെ നിസ്സഹായരായ ഇവർ വിഷയം നിയമസഭയിൽ ഉന്നയിച്ച് പരിഹാരം നേടുന്നതിന് എം.എൽ.എമാരെ കണ്ടു നിവേദനം നടത്തിവരുകയാണ്. മനുഷ്യാവകാശ കമീഷന് മുന്നിലും ആവലാതി ബോധിപ്പിക്കാൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.