കുത്തഴിഞ്ഞ് റൂറൽ പൊലീസ്; പരാതികളിൽ കേസെടുക്കാൻ മടി
text_fieldsകോഴിക്കോട്: ഭരണകക്ഷിയുടെയടക്കം സമ്മർദവും ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവും കാരണം ജില്ലയിൽ റൂറൽ പൊലീസ് പരിധിയിലുള്ള സ്റ്റേഷനുകളിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കുന്നില്ലെന്ന് ആക്ഷേപം.
ഉദ്യോഗസ്ഥ ക്ഷാമം ഉൾപ്പെടെ ന്യായങ്ങൾ പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ റൂറൽ പൊലീസ് മേധാവിക്ക് കീഴിലുള്ള സ്റ്റേഷനുകൾ മടി കാണിക്കുകയാണ്. പാർട്ടി ഓഫിസുകളിൽനിന്നുള്ള ശിപാർശ വിളികളും ഇംഗിതത്തിന് വഴങ്ങാത്തവരെ ഇടക്കിടെ സ്ഥലംമാറ്റുന്നതും പൊലീസിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ നേതാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിലും പൊലീസിന്‍റെ ശ്രദ്ധക്കുറവ് പ്രകടമാണ്. ജനങ്ങൾ നിയമം കൈയിലെടുത്തിട്ടും സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാതെ ആക്രമണത്തിനിരയായ ജിഷ്ണുവിനെയാണ് കൊണ്ടുപോയത്. പിന്നീട് വിവാദമായപ്പോഴേക്കും യഥാർഥ പ്രതികൾ രക്ഷപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്തതെല്ലാം സംഭവമറിഞ്ഞ് എത്തിയവരാണെന്ന പരാതിയുമുണ്ട്.
ഗൾഫിലുള്ളയാളുടെ വീട്ടിൽ പുലർച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയ ബാലുശ്ശേരി പൊലീസ് യഥാർഥ പ്രതികളെ പിടികൂടണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളടക്കം ആവശ്യപ്പെടുന്നത്.
നേരത്തേ പാലോളിയിലെ സാംസ്കാരിക കേന്ദ്രം തീയിട്ട് നശിപ്പിച്ചിട്ട് ബാലുശ്ശേരി പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. പരാതി നൽകിയാൽ കേസെടുക്കാതെ മാറ്റിവെക്കുകയും കേസെടുത്താൽ കൃത്യമായ അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നത് ബാലുശ്ശേരി പൊലീസിൽ പതിവാണ്. സ്റ്റേഷന് സമീപം ബാലുശ്ശേരി അങ്ങാടിയിലടക്കം മോഷണമുണ്ടായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല. പട്രോളിങ്ങും കാര്യക്ഷമമല്ല. നീണ്ടു കിടക്കുന്ന ബാലുശ്ശേരി സ്റ്റേഷൻ പരിധി വിഭജിച്ച് നടുവണ്ണൂരിൽ പുതിയ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
രാഷ്ട്രീയ സംഘട്ടനങ്ങളിലെ പ്രതികളെവിടെ?
പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽ അടുത്തിടെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ പോലും പ്രതികളെ പിടിച്ചിട്ടില്ല. മുസ്ലിം ലീഗ്, സി.പി.എം, കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ച സംഭവത്തിലും ഇരുട്ടിൽ തപ്പുകയാണ്. ദേശീയപാതക്കരികിൽ ഏറ്റവും പ്രധാന സ്റ്റേഷനായ പയ്യോളിയിലും മോഷണക്കേസുകൾ പലതും തെളിയിക്കാനാവുന്നില്ല. ഹെൽമറ്റ് ഇടാത്തവരെയും സീറ്റ്ബെൽറ്റ് ധരിക്കാത്തവരെയും പിടികൂടുന്നത് മാത്രമാണ് കൃത്യമായി നടക്കുന്നത്. മൂരാട് പാലത്തിന് സമീപം ട്രാഫിക് ബ്ലോക്കിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. റൂറൽ പരിധിയിൽ ഹൈവേ പൊലീസ് വലിയ കാറുമായി സഞ്ചരിക്കുന്നുണ്ടെങ്കിലും ഹെൽമറ്റ് പരിശോധനക്കാണ് ഇവർക്ക് കൂടുതൽ താൽപര്യം. പ്രതികളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ പോലും പയ്യോളി പൊലീസിന് മടിയാണ്. മയക്കുമരുന്ന് കേസുകളടക്കം പിടികൂടുന്നതിൽ മുക്കം പൊലീസ് സ്റ്റേഷൻ ശ്രദ്ധ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ സ്റ്റേഷന് 500 മീറ്റർ അടുത്തുള്ള സ്ഥലത്ത് കഞ്ചാവ് പിടികൂടിയത് എക്സൈസ് സംഘമായിരുന്നു.
അതേസമയം, സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ രായ്ക്കുരാമാനം സ്ഥലം മാറ്റുന്ന പ്രവണതയും റൂറൽ പൊലീസിൽ കൂടുതലാണ്. വടകരയിൽ കെട്ടിട ഉടമകൾ നൽകിയ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി മീറ്ററുകൾ സ്ഥാപിച്ച സംഭവത്തിൽ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂരിലെ യുവ എം.എൽ.എയുടെ ബന്ധുവിന് നേരത്തേ പങ്കാളിത്തമുണ്ടായിരുന്ന സ്ഥാപനമായതിനാൽ വടകര സി.ഐ എം.പി. രാജേഷിനെ സ്ഥലം മാറ്റുകയായിരുന്നു. ഭരണകക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവ് വിളിച്ചു പറഞ്ഞിട്ടായിരുന്നു ഈ സ്ഥലം മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.