ശബരിമല, പൗരത്വപ്രക്ഷോഭം: കോഴിക്കോട് ജില്ലയിലെ മിക്ക കേസുകളും എഴുതിത്തള്ളും
text_fieldsകോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരായ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്തവ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെ ജില്ലയിലെ മിക്ക കേസുകളും എഴുതിത്തള്ളുമെന്നുറപ്പായി. എന്നാൽ, വ്യാപക ആക്രമണം അഴിച്ചുവിട്ടതിന് കോഴിക്കോട് ടൗൺ, നടക്കാവ്, കസബ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ചില കേസുകൾ പിൻവലിച്ചേക്കില്ല. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 109 (സമരത്തിന് പ്രേരണ), 143 (അന്യായമായി സംഘം ചേരൽ), 147 (കലാപം സൃഷ്ടിക്കൽ), 283 (പൊതുവഴി തടസ്സപ്പെടുത്തൽ), 149 (അന്യായ സംഘത്തിൽ അംഗമാവുക) ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയതിനാൽ ഇവ ഒഴിവാക്കാനിടയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മാനാഞ്ചിറ, കലക്ടറേറ്റ് പരിസരം എന്നിവിടങ്ങളിലാണ് വലിയ സമരങ്ങൾ അരങ്ങേറിയത്. മറ്റു ലോക്കൽ സ്റ്റേഷനുകളിൽ രജിസ്റ്റർ െചയ്തവയിലേറെയും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മറ്റുമുള്ള കേസുകളാണ്.
ശബരിമല യുവതി പ്രവേശനത്തിനെതിരെ 2019 ജനുവരി ആദ്യം നടന്ന ഹർത്താലിെൻറ മറവിലാണ് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ മാനാഞ്ചിറയിലും മിഠായിതെരുവിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടകളും സ്ഥാപനങ്ങളും ആക്രമിച്ചത്. സിറ്റി പൊലീസ് മേധാവി ഓഫിസിനുമുന്നിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിന് നേതൃത്വം നൽകിയ 12 പേരെയും പിന്നാലെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ആറുപേരെയും ഉൾപ്പെടെ 18 പേരെ കസബ പൊലീസ് അറസ്റ്റ്ചെയ്തെങ്കിലും ഉടൻ വിട്ടയച്ചത് വീണ്ടും അക്രമം നടത്താൻ സാഹചര്യമുണ്ടാക്കിയതായും പരാതിയുണ്ടായിരുന്നു. അന്നുതന്നെ വൈകീട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഇവരടക്കം പങ്കെടുത്ത പ്രകടനത്തിനിടെയാണ് വ്യാപക അക്രമം അരങ്ങേറിയതും ചാനൽ ഓഫിസിനുൾപ്പെടെ സ്ഥാപനങ്ങൾക്കെതിരെ കല്ലേറുണ്ടായതും. മിഠായിെതരുവിലെ 11 കടകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാൽപതോളം പേരാണ് പിന്നീട് അറസ്റ്റിലായത്. ഗുരുതര അക്രമമായതിനാൽ ഈ കേസടക്കമാണ് പിൻവലിക്കാനിടയില്ലാത്തത്.
പൗരത്വ സമരവുമായി 726/2019 നമ്പറായി ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബന്ധപ്പെട്ടവർക്ക് കോഴിക്കോട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടുത്തിടെ സമൻസയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 17ന് നടന്ന ഹർത്താലിന് പിന്തുണ നൽകിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. അക്രമവുമായി ബന്ധപ്പെട്ടല്ല ഈ കേസെങ്കിലും വിവിധ വകുപ്പുകൾ ചുമത്തിയതിനാൽ ഈ കേസും പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആഭ്യന്തരവകുപ്പിൽനിന്ന് നിർദേശം ലഭിക്കുന്ന മുറക്ക് തുടർ നടപടിയുണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, റൂറൽ പരിധിയിൽ ഇരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാര്യമായ അക്രമസംഭവങ്ങളൊന്നുമുണ്ടാവാത്തതിനാൽ ഇവിടത്തെ കേസുകളെല്ലാം ഒഴിവാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.