പാഴ്ക്കുളം ജലവാഹിനിയാക്കി സാഗ കൃഷ്ണൻകുട്ടി
text_fieldsനന്മണ്ട: പാഴ്ക്കുളം ജലവാഹിനിയാക്കി പരിസ്ഥിതിയുടെ സംരക്ഷകനായി ഒരു കർഷകൻ. നന്മണ്ട 13 ലെ ചെറുവോട്ട് സാഗ കൃഷ്ണൻകുട്ടി നായർ, കോഴിക്കോട് കോർപറേഷൻ ശുചീകരണ വിഭാഗത്തിലെ റിട്ട. ജീവനക്കാരനാണ്.
ശുചിത്വബോധം വിശ്രമജീവിതത്തിലും സ്വന്തം. അങ്ങനെയാണ് ചളി നിറഞ്ഞ് മാലിന്യക്കുണ്ടായി മാറിയ നാഷനൽ സ്കൂളിനടുത്തെ തിയ്യക്കണ്ടി കുളം നവീകരിക്കാനായി മൺ കോരിയും കുട്ടയുമായി ഈ പ്രകൃതി സ്നേഹി ഇറങ്ങിയത്. നാട്ടുകാരിൽ പലരും മൂക്കത്ത് വിരൽ വെച്ചു. എന്നാൽ, കൃഷ്ണൻകുട്ടി നായർ പക്ഷേ ലക്ഷ്യം വിജയത്തിലെത്തിച്ചു.
ചെങ്കല്ല് കൊണ്ട് നാല് ഭാഗവും ചുമർ കെട്ടി കുളം സംരക്ഷിച്ചു. എട്ടു മീറ്റർ നീളവും ആറര മീറ്റർ വീതിയുമാണ് കുളത്തിനുള്ളത്. മൂന്നര മീറ്ററിൽ വെള്ളം നിലനിർത്തി ആകെ ചെലവായതാവട്ടെ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും.
മരം ഒരു വരമാണെന്നും ജലം അമൂല്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ കർഷകനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കുളത്തിനരികിൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കൈതച്ചെടികൾക്കും ഇദ്ദേഹം സംരക്ഷണവലയം തീർത്തു. വേനലിൽ പോലും വറ്റിവരളുന്ന പ്രദേശത്തെ കിണറുകൾ ജലസമൃദ്ധിയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.