ആഡംബര കപ്പൽയാത്രക്ക് 'സാഗരറാണി'യെത്തും
text_fieldsബേപ്പൂർ: തുറമുഖത്തുനിന്ന് രണ്ടാഴ്ചക്കകം ആരംഭിക്കുന്ന ആഡംബര ഉല്ലാസയാത്രക്ക് 'സാഗരറാണി' കപ്പലെത്തും. ആഡംബര കപ്പൽ യാത്ര ആരംഭിക്കുന്നതിന്റെ മുന്നോടിയായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ടെക്നിക്കൽ മാനേജർ കെ.ആർ. അനൂപ് കുമാർ, ചീഫ് എൻജിനീയർ എൽ. ഹരിനാരായണൻ, പ്രോജക്ട് മാനേജർ കെ. രാധാകൃഷ്ണൻ, ഹൈഡ്രോഗ്രാഫിക് സർവേ മറൈൻ സർവേയർ സി.ഒ. വർഗീസ് എന്നിവർ ബേപ്പൂർ തുറമുഖത്തെത്തി പോർട്ട് ഓഫിസർ അശ്വനി പ്രതാപിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി.
ഉല്ലാസയാത്രക്കപ്പൽ നങ്കൂരമിടേണ്ടിവരുന്ന ബേപ്പൂർ വാർഫ്, പുലിമുട്ട് കടൽതീര കേന്ദ്രത്തിന് സമീപമുള്ള മറീന ജെട്ടി എന്നിവിടങ്ങളിലെ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. നിലവിൽ കടലിലും തുറമുഖത്തോടടുക്കുന്ന ഭാഗങ്ങളിലെ ആഴവും കണക്കിലെടുത്ത് താരതമ്യേന വലുപ്പം കുറവുള്ള ആഡംബര ഉല്ലാസക്കപ്പലായ 'സാഗരറാണി'യെ പരീക്ഷണാർഥം ഓടിക്കാനാണ് കേരള മാരിടൈം ബോർഡും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഉദ്ദേശിക്കുന്നത്.
പരീക്ഷണ യാത്ര വിജയകരമാണെങ്കിൽ, കൊച്ചിയിലെ പോലെ ഈജിപ്ത് റാണിയുടെ പേരിലുള്ള 'നെഫർടിറ്റി' മാതൃകയിൽ വലിയ കപ്പൽ ബേപ്പൂർ തുറമുഖത്തെത്തിക്കാനാണ് ആലോചന. മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി അന്തിമ ചർച്ച നടത്തിയശേഷം ഉല്ലാസയാത്രക്കപ്പൽ സർവിസിന്റെ തീയതി പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം.
100 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 'സാഗരറാണി'യിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ഒരുക്കുക. ഒരാൾക്ക് 500 രൂപയുടെ ടിക്കറ്റിൽ ബേപ്പൂർ തുറമുഖത്തുനിന്ന് പുറപ്പെട്ട് കടലിൽ പത്ത് കിലോമീറ്ററോളം ദൂരത്തിൽ കടൽക്കാഴ്ചകളും കടൽത്തീര മനോഹാരിതയും കപ്പലിന്റെ മേൽത്തട്ടിലിരുന്നും ആസ്വദിക്കാൻ സാധിക്കും. സംഗീതമേള, ആഘോഷ പരിപാടികൾ, ഉച്ചഭക്ഷണം, ലഘു ഭക്ഷണം എന്നിവയൊക്കെ രണ്ടര മണിക്കൂർകൊണ്ട് അവസാനിക്കുന്ന ഉല്ലാസയാത്രയിൽ ഉണ്ടാവും. കപ്പലിൽ ത്രീഡി സിനിമ, കുട്ടികൾക്കുള്ള വിനോദസൗകര്യങ്ങൾ എന്നിവയുമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.