ലേബൽ ഇല്ലാത്ത ശർക്കര വിൽപന നിരോധിച്ചു
text_fieldsകോഴിക്കോട്: നിയമപരമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത ശർക്കരയുടെ സംഭരണം, വിതരണം, വിൽപന എന്നിവ ജില്ലയിൽ നിരോധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പരിശോധനക്ക് എടുത്ത ശർക്കരയിൽ കൃത്രിമ നിറങ്ങളും നിരോധിത റോഡാമിൻ ബി പോലുള്ള നിറങ്ങളും ചേര്‍ക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസി.കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുത്തിയാണ് ഉത്തരവ്. മായം കലർന്ന ശർക്കര കണ്ടെത്തുന്നതിനായി ഒരാഴ്ചക്കകം വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന കർശനമാക്കും.
മായം കലർന്ന ശർക്കര പിടിച്ചെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു. മായം കലർന്ന ശർക്കരയുടെ വിൽപന തടയുന്നതിനാണ് ലേബൽ ഇല്ലാത്ത ശർക്കരക്ക് നിരോധനം ഏർപ്പെടുത്തിയത്. പരിശോധനക്ക് എടുക്കുന്ന പല സാമ്പ്ളുകളിലും ലേബൽ ഇല്ലാത്തതിനാൽ കുറ്റക്കാരെ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പിന് കഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ പരിശോധനകളിൽ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിന്നാണ് ഏറ്റവുംകൂടുതൽ മായംകലർന്ന ശർക്കര പിടികൂടിയത്. ജില്ലയിൽനിന്ന് പരിശോധനക്ക് എടുത്ത 50 സാമ്പ്ളുകളിൽ 20 എണ്ണത്തിലും മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഭക്ഷ്യ സുരക്ഷവകുപ്പ് അറിയിച്ചു. പരിശോധനയിൽ മായം കലർന്നതെന്ന് കണ്ടെത്തിയ 3500 കിലോ ശർക്കര ഭക്ഷ്യ വകുപ്പ് പിടിച്ചെടുത്ത് ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.