വില കുറച്ച് കോഴിയിറച്ചി വില്പന; വ്യാപാരിക്ക് നേരെ ആക്രമണം
text_fieldsപുനൂർ: വില കുറച്ച് കോഴി ഇറച്ചി വില്പന നടത്തിയ കടയുടമയെയും കടയിലെ ജോലിക്കാരനേയും ഒരുസംഘം കടയില്‍ കയറി ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. പൂനൂര് മാർക്കറ്റിലെ ഹലാൽ ചിക്കൻ സ്റ്റാള്‍ ഉടമ അബ്ദുൽ ഗഫൂർ, ജീവനക്കാരൻ അബ്ദുൽ നാസർ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
വര്‍ഷങ്ങളായി പൂനൂര് ചന്തയില്‍ കോഴിക്കച്ചവടം നടത്തുന്ന അബ്ദുല്‍ ഗഫൂര്‍ തിങ്കളാഴ്ച പുതുതായി തുടങ്ങിയ കടയില്‍ 160 രൂപക്ക് കോഴിയിറച്ചി വില്പന നടത്തിയിരുന്നു. പൂനൂരിലും സമീപ പ്രദേശങ്ങളിലും 200 രൂപയാണ് തിങ്കളാഴ്ച കോഴി ഇറച്ചിയുടെ വില. വില കുറച്ച് വില്പന നടത്തുന്നതിനെതിരെ കോഴിക്കടക്കാര്ക്കിടയില് അസ്വാരസ്യം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വാക്കേറ്റവും അടിപിടിയും ഉണ്ടായത്. പരിക്കേറ്റ അബ്ദുല്‍ ഗഫൂറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അബ്ദുല്‍ ഗഫൂര്‍ വില കുറച്ച് വില്പന നടത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റിലെ മറ്റു കച്ചവടക്കാരും 160 രൂപക്ക് കോഴിയിറച്ചി വില്ക്കാന് നിര്‍ബന്ധിതരായി. 185 രൂപ വിലയുള്ള ഒരു കിലോഗ്രാം കോഴി ഇറച്ചി 15 രൂപ നഷ്ടം സഹിച്ചാണ് 160 രൂപക്ക് വില്‍ക്കേണ്ടിവന്നതെന്ന് കോഴിക്കച്ചവടക്കാര്‍ പറയുന്നു. ചൊവ്വാഴ്ചയും 160 രൂപക്കാണ് പൂനൂരിലെ മുഴുവന്‍ കോഴിവ്യാപാരികളും വില്പന നടത്തിയത്. പൂനൂരിലെ ചെറുകിട കോഴിവ്യാപാരികളെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം നഷ്ടം സഹിച്ചും വില കുറക്കുന്നതെന്ന് മറ്റു കോഴിവ്യാപാരികള്‍ ആരോപിക്കുന്നു. കച്ചവടക്കാർ തമ്മിലുള്ള മത്സരത്തെ തുടർന്ന് കഴിഞ്ഞ ജൂണിൽ പൂനൂര് ചന്തയില്‍ 100 രൂപക്ക് കോഴി വില്പന നടന്നിരുന്നു.
അന്ന് പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. കച്ചവടക്കാര്‍ തമ്മിലുള്ള മത്സരം കാരണം വില കുറയുന്നത് നാട്ടുകാർക്ക് അനുഗ്രഹമാണെങ്കിലും പൂനൂരിലെ ചെറുകിട വ്യാപാരികള്‍ ദുരിതത്തിലാണെന്നും പിടിച്ചുനിൽക്കാന് കഴിയാതെ പലരും അടച്ചുപൂട്ടലിെൻറ വക്കിലാണെന്നും കടയുടമകളും ആരോപിക്കുന്നു. വ്യാപാരിയെ ആക്രമിച്ചവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂനിറ്റ് പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് താര അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി അബ്ദുൽ അസീസ് ഹാജി, ട്രഷറർ മൊയ്തീൻകുട്ടി ഹാജി, മണ്ഡലം പ്രസിഡൻറ് കെ. അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.