കോവിഡിനിടെ തകൃതിയായി പ്രതിരോധ മരുന്ന് വിൽപന
text_fieldsകോഴിക്കോട്: കോവിഡ് രൂക്ഷമായതോടെ ഭയം മുതലെടുക്കാൻ മരുന്നുകമ്പനികളും. പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളാണ് താരങ്ങൾ. ഡോക്ടർമാരെ സ്വാധീനിച്ച് മരുന്നുവിൽപന തകൃതിയാക്കുകയാണ് കമ്പനികൾ.
കോവിഡ് ഭയന്ന് ആളുകൾ മഞ്ഞളും ഇഞ്ചിയും ശർക്കരയും തുടങ്ങി പ്രതിരോധശേഷി വർധിക്കുമെന്നു പറഞ്ഞ് നാട്ടിൽ പ്രചരിക്കുന്നതെല്ലാം കഴിക്കുന്ന കാലമാണ്. അലോപ്പതി ഡോക്ടർമാർ വരുന്ന രോഗികൾക്കെല്ലാം വിറ്റമിൻ സി, സിങ്ക്, കാത്സ്യം ടാബ്ലെറ്റുകളും എഴുതിവിടുന്നു.
വിറ്റമിൻ സിയും സിങ്കും അടങ്ങിയ മരുന്നുകളും കാത്സ്യവും വിറ്റമിൻ ഡി3യും അടങ്ങിയ മരുന്നുകളുമാണ് കോവിഡ് കാലത്ത് മരുന്നുഷോപ്പുകളിൽ ഏറ്റവും കൂടുതൽ വിൽപന. ലിംസി, സെലിൻ തുടങ്ങിയ മരുന്നുകളാണ് ബ്രാൻഡഡ് ഇനങ്ങളിൽ വിൽപനയിൽ മുന്നിട്ടുനിൽക്കുന്നതെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാർ പറയുന്നു.
കൂടാതെ, ജനറിക് മരുന്നുകളും ധാരാളമായി വിറ്റഴിക്കപ്പെടുന്നു. പ്രതിരോധമരുന്നായ ബൂസ്റ്റോ ലൈഫ് ആണ് ചില ഡോക്ടർമാർ നൽകുന്നത്. വിറ്റമിൻ സിയും സിങ്കും അടങ്ങിയിട്ടുണ്ടെന്നും അത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നും പറഞ്ഞാണ് വിൽപന. പ്രതിരോധശേഷി കൂടിയാൽ രോഗം തടയാനാകും. വീട്ടിലുള്ള എല്ലാവരും കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു.
ദിവസവും ഒന്നു വീതം കഴിക്കാനാണ് ആവശ്യപ്പെടുന്നത്. 10 ഗുളിക അടങ്ങുന്ന സ്ട്രിപ്പിന് 120 രൂപ. ഈ ഗുളിക ഒരു മാസത്തേക്കും മറ്റുമാണ് പലരും നിർദേശിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിൽ തൈറോയിഡ് ചികിത്സക്കു പോയ രോഗിക്ക് ഇതും കുറിച്ചുനൽകി. കാലു വേദനയുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഇൗ മരുന്ന് നൽകിയത്. കോവിഡ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഉപകരിക്കുമെന്നും വീട്ടിൽ എല്ലാവർക്കും കഴിക്കാമെന്നുള്ള ഉപദേശവും കിട്ടി. ആരോഗ്യമുള്ള ആളുകൾക്ക് ഭക്ഷണത്തിലൂടെ വിറ്റമിൻ സിയും സിങ്കും ആവശ്യത്തിനു ലഭിക്കുന്നുണ്ട്. അല്ലാത്തവർക്കു മാത്രമേ ഗുളിക രൂപത്തിൽ നൽകേണ്ടതുള്ളൂ എന്ന് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫ. ഡോ. നീരജ് മാണിക്കോത്ത് പറഞ്ഞു.
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ നൽകുന്ന മരുന്നാണിത്. ആരോഗ്യമുള്ളവർക്കോ കോവിഡ് ഇല്ലാത്തവർക്കോ ഈ മരുന്ന് നിർദേശിക്കേണ്ട ആവശ്യമില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.