വില്യാപ്പള്ളി വലിയമലയിലും പരിസരങ്ങളിലും ചന്ദനക്കൊള്ള വ്യാപകം
text_fieldsവില്യാപ്പള്ളി: പഞ്ചായത്തിലെ വലിയ മലയിലും പരിസരങ്ങളിലും വ്യാപക ചന്ദനക്കൊള്ള തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആറ് ചന്ദനമരങ്ങൾ മലയുടെ താഴ്ഭാഗത്തുള്ള സ്ഥലത്തുനിന്നും മുറിച്ചുകൊണ്ടുപോയി. ഒരു മരം പിഴുതിട്ട നിലയിലും കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ മരം മുറിക്കുകയായിരുന്ന രണ്ടുപേരെ പരിസരവാസി കണ്ടിരുന്നുവെങ്കിലും ശബ്ദം കേട്ട് പുറത്തുവരുമ്പോഴേക്കും ഓടിരക്ഷപ്പെട്ടു. കൊടുവാളും രണ്ട് കുപ്പി വെളളവും കണ്ടെടുത്തു. വടകര പൊലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തു.
ശാന്തിഗിരി ആശ്രമത്തിനു സമീപമാണ് സംഭവം. വില്യാപ്പള്ളി യത്തീംഖാനയുടെ സ്ഥലത്തെ നാലു മരങ്ങൾ രണ്ടുദിവസം മുമ്പ് മുറിച്ചുകൊണ്ടുപോയിരുന്നു. ഈ പറമ്പിലാണ് പിഴുതുവെച്ച ചന്ദന മരം കണ്ടത്. അടിഭാഗത്തെ മണ്ണ് നീക്കിയ ശേഷമാണ് മരം പിഴുതെടുത്തത്. സമാന രീതിയിലാണ് മറ്റ് മരങ്ങളും മുറിച്ചത് കഴിഞ്ഞ ആഗസ്റ്റ് മാസം വലിയമലയിൽനിന്നും മലയുടെ താഴ്വാരത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുനിന്നും ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. പട്ടാപ്പകൽ ശബ്ദം കേട്ട് മലയിൽ കയറിയ സമീപവാസി അന്ന് ചന്ദനം മുറിക്കുന്നവരെ കണ്ടിരുന്നു.
ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. വലിയമലയിൽ മൊത്തം കാട് നിറഞ്ഞതിനാൽ പരിസരവാസികൾ ആരും മലയിലേക്ക് കയറാറില്ല. ഈ സാഹചര്യം മുതലെടുത്ത് മലയിൽനിന്ന് വ്യാപകമായി ചന്ദനമരം മോഷ്ടിക്കപ്പെട്ടതായി സംശയമുണ്ട്. എത്ര മരം നഷ്ടപ്പെട്ടു എന്ന് മലയിൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാകൂ. വലിയമലയിലും പരിസരങ്ങളിലും വലിയ തോതിൽ ചന്ദനമരങ്ങളുടെ സാന്നിധ്യമുണ്ട്.
ഇവയെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് മല സംരക്ഷണസമിതിയും പഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് മലയിലെത്തി ചന്ദനമരങ്ങളുടെ കണക്കെടുത്തിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. മലയിലെ സ്ഥലമെല്ലാം സ്വകാര്യവ്യക്തികളുടെ കൈവശമാണ്. പൊലീസിൽ പരാതിയുണ്ടെങ്കിലും ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.