പ്രിയ പാട്ടുകാരിയെ കാണാനാവാത്ത വേദനയിൽ സരിത
text_fieldsസംഗീത നഗരത്തിന്റെ ദുഃഖം
ലത മങ്കേഷ്കറിനെ എറെ ഇഷ്ടപ്പെടുന്ന നഗരമാണ് കോഴിക്കോട്. പഴയ ഹിന്ദി പാട്ടുകളുടെ ഓർമയിൽനിന്ന് അവസാനത്തെ പാട്ടുകാരി വിടപറഞ്ഞ വേദനയിലാണ് നഗരം. കോവിഡും നിയന്ത്രണങ്ങൾ വരും മുമ്പ് അവരുടെ ജന്മദിനത്തിൽ ലത നൈറ്റുകൾ നഗരത്തിൽ പതിവായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ അവരുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എല്ലാ ലത നൈറ്റുകളിലും നിറഞ്ഞ സദസ്സുകളുണ്ടാവും. ടൗൺഹാളും ടാഗോർ ഹാളുമടക്കം എവിടെ നടത്തിയാലും ആരാധകർ എത്തും.
കോഴിക്കോട്: കേരളത്തിലുടനീളം സ്റ്റേജുകളിൽ ലത മങ്കേഷ്കറുടെ ഗാനങ്ങൾ പാടി പ്രസിദ്ധയായ ഗായിക സരിത റഹ്മാൻ പ്രിയപ്പെട്ട പാട്ടുകാരിയെ നേരിൽക്കണ്ട് ഇഷ്ടമറിയിക്കണമെന്ന ആഗ്രഹം നടക്കാത്തതിലുള്ള ദുഃഖത്തിലാണ്. പല തവണ പല രീതിയിൽ നോക്കിയിട്ടും സഫലമാവാത്ത ആഗ്രഹം. എറ്റവുമൊടുവിൽ മുംബൈയിൽ ലതയുടെ സാന്നിധ്യത്തിൽ അവരുടെ പാട്ടുകൾ പാടാനുള്ള അവസരവും നഷ്ടപ്പെട്ടു. പ്രിയഗായികയുടെ ജീവനെടുത്ത കോവിഡ് തന്നെയായിരുന്നു അതിനും കാരണമായത്.
കോവിഡും ലോക്ഡൗണും വരും മുമ്പ് മുംബൈയിൽ എൻ.സി.പി.എ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിൽ അവരുടെ പാട്ട് പാടാനുള്ള അവസരമാണ് നഷ്ടപ്പെട്ടത്. വിവിധ് ഭാരതിയിലെ പ്രമുഖ അവതാരകൻ യൂനുസ്ഖാന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കോവിഡ്കാലത്ത് ലതയുടെ ഹിറ്റുകൾ സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിക്കുകയാണ് സരിതയിപ്പോൾ. എറ്റവുമൊടുവിൽ ലതയെപ്പറ്റി ഉർദുവിൽ തയാറാക്കിയ ഗാനങ്ങൾ യൂട്യൂബിൽ അവതരിപ്പിച്ചു. മുഗൾ ഇ അസമിലെ ലതയുടെ 'മുഹബ്ബത്ത് കി ജൂട്ടി' യൂട്യൂബിൽ അവതരിപ്പിച്ചത് ഹിറ്റായി. ലതയുടെ ഒരു പാട്ടെങ്കിലും കേൾക്കുകയോ പാടുകയോ ചെയ്യാത്ത ദിവസമില്ല. മാതാവ് ആബിദ റഹ്മാനും പിതാവ് ചാവക്കാട് റഹ്മാനുമെല്ലാം നയിക്കുന്ന പാട്ട് സംഘത്തിൽനിന്ന് ചെറുപ്പം മുതൽ കേട്ടാണ് ലതയുടെ പാട്ടുകളുടെ ആരാധികയായത്.
ലതയെപ്പറ്റിയുള്ള ജമാൽ കൊച്ചങ്ങാടിയുടെ ഗ്രന്ഥത്തിന്റെ പ്രകാശനവേളയിൽ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ലതയുടെ 25 പാട്ട് പാടിയാണ് പൊതുപരിപാടികളിൽ സജീവമായത്. ലതയുടെ 86 ാം ജന്മദിനത്തോടനുബന്ധിച്ച് അവരുടെ പാട്ടുകൾ മാത്രമുൾക്കൊള്ളിച്ചുള്ള 'കുച്ച് ദിൽ നേ കഹാ' എന്ന പരിപാടി 2015 സെപ്റ്റംബർ 28ന് കോഴിക്കോട് ടൗൺഹാളിൽ അരങ്ങേറി. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്ത് വിവിധ ജില്ലകളിലും പരിപാടികൾ നടന്നു.
2016 ഡിസംബർ ഏഴിന് ടാഗോർഹാളിൽ വൻ സദസ്സിന് മുന്നിലായിരുന്നു 'കുച്ച് ദിൽ നേ കഹാ' പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ. പല ദേശത്തും ലതയുടെ പല ഗാനങ്ങൾക്കാണ് പ്രിയമെന്ന് ബോധ്യപ്പെട്ടത് ആ സംഗീത യാത്രയിലാണ്. കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ മദൻ മോഹനും നൗഷാദുമൊക്കെ ഈണമിട്ട അവരുടെ മെലഡികൾ ആവശ്യപ്പെടുമ്പോൾ കൊച്ചിക്കും തെക്കോട്ട് സിനിമാറ്റിക്കായ ഗാനങ്ങൾക്കാണ് ഇഷ്ടക്കാരേറെ.
ലതയെ കോഴിക്കോട്ട് എത്തിക്കാൻ പോയ ഓർമയിൽ ഡോ.കെ. മൊയ്തു
കോഴിക്കോട്: ലതയെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി നേരിട്ട് വീട്ടിൽ പോയി കണ്ട ഓർമയിലാണ് ഡോ.കെ. മൊയ്തു. 1974 അവസാനം അഖിലേന്ത്യ എം.ഇ.എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയുടെ മുംബൈയിലെ പ്രവർത്തകനും മലയാളി പൗരപ്രമുഖനുമായിരുന്ന ചൊക്ലിക്കാരൻ ടി.സി. കുഞ്ഞിമൂസക്കൊപ്പമായിരുന്നു ബാന്ദ്രയിലെ വീട്ടിലെത്തി ലതയെ കണ്ടത്.
എം.ഇ.എസ്സിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥം മുഹമ്മദ് റഫിയെയും തലത് മഹ്മൂദിനെയും ദിലീപ് കുമാറിനെയും മുഹമ്മദലി ക്ലേയെയുമൊക്കെ കോഴിക്കോട്ട് എത്തിക്കാൻ അന്നായി. കോഴിക്കോടിനെയും കേരളത്തെയും പറ്റിയൊക്കെ ആവേശത്തോടെ സംസാരിച്ച ലത പരിപാടിക്ക് കോഴിക്കോട്ടേക്ക് വരാമെന്നും ഏറ്റു. എന്നാൽ പരിപാടിക്കുള്ള ചെലവ് ഒത്തുവരാത്തതിനാൽ നഗരത്തിന് ലതയെ നേരിട്ട് കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.