സരോവരം തുറന്നു: മാനാഞ്ചിറ സ്ക്വയർ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനെ തുടർന്ന് സരോവരം ബയോപാർക്ക് തുറന്നു. ഇളവുകൾ പ്രഖ്യാപിച്ച ശേഷം നഗരത്തിൽ തുറക്കാൻ തീരുമാനമായ ഏക വിനോദസഞ്ചാര കേന്ദ്രമാണ് സേരാവരം. മാസങ്ങളായി അടച്ചിട്ട പാർക്ക് തുറന്നപ്പോൾ മഴയായിട്ടും ഏറെ പേർ എത്തി. കോവിഡ് വാക്സിൻ എടുത്തവർ, 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആയവർ, ഒരുമാസം മുമ്പ് കോവിഡ് പോസിറ്റിവ് ആയവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം.
ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ പരിശോധിച്ചശേഷം മാത്രമാണ് ആളുകളെ അകത്തേക്ക് കയറ്റിയത്. രേഖകൾ ഇല്ലാതെ എത്തിയ നിരവധിയാളുകൾക്ക് തിരിച്ചുപോകേണ്ടിവന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സരോവരത്തിലും തുഷാരഗിരിയിലെ പാർക്കിങ് മേഖലയും മാത്രമാണ് വെള്ളിയാഴ്ച മുതൽ പ്രവേശനം അനുവദിച്ചതെന്ന് കൗൺസിൽ സെക്രട്ടറി ബീന അറിയിച്ചു.
ബീച്ചുകളിലുള്ള പ്രവേശന നിരോധനം തുടരാൻ ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. ബീച്ച് തുറന്നാൽ ജനങ്ങൾ ഒഴുകിയെത്തി തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിവരുമെന്ന ഭയത്താലാണിത്. മാനാഞ്ചിറ സ്ക്വയർ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ അറിയിച്ചു. മാസങ്ങളായുള്ള അടച്ചിരിക്കലിനൊടുവിൽ നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നെങ്കിലും തുറന്നത് കോഴിക്കോട്ടുകാർക്ക് ആശ്വാസമാവും.
പ്രവേശനം ഒമ്പതുമുതൽ
രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയുമാണ് സരോവരത്തിലെ പ്രവേശന സമയം. പുലർച്ചെ പ്രഭാത നടത്തക്കാർക്കും പ്രവേശനമുണ്ട്. ഉച്ചക്ക് ഒന്നിന് അടക്കുേമ്പാൾ മുഴുവൻ സന്ദർശകരെയും പുറത്താക്കും. രണ്ടിന് വീണ്ടും തുറക്കുേമ്പാൾ പുതിയ ടിക്കറ്റ് എടുക്കുകയും വേണം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാമറക്ക് 100 രൂപയും വിഡിയോ കാമറക്ക് 600 രൂപയും ഈടാക്കും. 100 ഏക്കറോളം വരുന്ന പാർക്കിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ ബോട്ട് സർവിസ് എന്ന് തുറക്കുമെന്ന് തീരുമാനമായില്ല. കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ മുതൽ അടച്ചിട്ടതാണ് കളിപ്പൊയ്ക. മഴക്കാലം കഴിഞ്ഞശേഷമാവും പൊയ്കയിൽ കളിവഞ്ചികളിറങ്ങുക. കളിവള്ളങ്ങൾ ഇറക്കാനുള്ള അനുമതി കരാറടിസ്ഥാനത്തിൽ നൽകുകയാണ് പതിവ്. ഈ വർഷം കരാറായെങ്കിലും കോവിഡ് കാരണം വർഷാരംഭത്തിൽ തന്നെ ബോട്ടുകൾ കരക്കിടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.