സരോവരം മലിനജല സംസ്കരണ പ്ലാന്റ്; നിർമാണം ജല അതോറിറ്റി നടപ്പാക്കും
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സരോവരത്ത് നിർമിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റ് കോർപറേഷൻ നേരിട്ട് നടപ്പാക്കാനുള്ള തീരുമാനത്തിൽ മാറ്റം. നേരത്തേ തീരുമാനിച്ചതുപ്രകാരം നിർമാണം ജല അതോറിറ്റിയെത്തന്നെ ഏൽപിക്കാനാണ് പുതിയ തീരുമാനം.
പ്ലാന്റ് രൂപകൽപന ചെയ്ത് നിർമിക്കുകയും പ്രവർത്തിപ്പിച്ച് കാണിച്ചശേഷം കൈമാറുന്ന (ഡിസൈൻ ബിൽഡ്, ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ- ഡി.ബി.ഒ.ടി) രീതിയിൽ കോർപറേഷൻതന്നെ നടപ്പാക്കണമെന്നായിരുന്നു കോർപറേഷൻ തല അമൃത് കോർ കമ്മിറ്റി തീരുമാനം.
ഇതിനുള്ള അനുമതി തേടി കോർപറേഷൻ അമൃത് പദ്ധതിയുടെ സംസ്ഥാനതല വിദഗ്ധ സമിതിക്ക് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 23ന് ചേർന്ന അമൃത് സംസ്ഥാനതല ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ (എസ്.എച്ച്.പി.എസ്.സി) ജല അതോറിറ്റി മാനേജിങ് ഡയറക്ടർ പ്രവൃത്തി നടത്താൻ സെന്റേജ് ചാർജ്, സൂപ്പർവിഷൻ ചാർജ് എന്നിവ ആവശ്യപ്പെടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.
പ്ലാന്റ് പണിയുന്നത് ജല അതോറിറ്റിയുടെ സ്ഥലത്താണെന്നതു പരിഗണിച്ച് നിർമാണവും അതോറിറ്റിയെത്തന്നെ ഏൽപിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 24ന് ചേർന്ന അമൃത് കോർ കമ്മിറ്റിയിൽ ജല അതോറിറ്റി വിശദ പദ്ധതിരേഖ അവതരിപ്പിച്ചു. ഇതിന് കോർപറേഷൻ അനുമതിയും നൽകി.
ഇനി സർക്കാർ അനുമതിക്കായി സമർപ്പിക്കാനാണ് തീരുമാനം.
10 വാർഡുകളിലെ മാലിന്യം സംസ്കരിക്കും
ഒന്നാംഘട്ടം പ്ലാന്റിൽ മൊത്തം 10 വാർഡുകളിലെ മാലിന്യം സംസ്കരിക്കാനാണ് പദ്ധതി. ചാലപ്പുറം, തിരുത്തിയാട്, കോട്ടൂളി, സിവിൽസ്റ്റേഷൻ, പറയഞ്ചേരി, കുതിരവട്ടം, പുതിയറ എന്നീ വാർഡുകളിലും പാളയം, വലിയങ്ങാടി, മൂന്നാലിങ്ങൽ വാർഡിൽ ഭാഗികവുമായാണ് സരോവരം പ്ലാന്റിന്റെ ഗുണം കിട്ടുക. നേരത്തേ സുസ്ഥിര നഗര വികസന പദ്ധതിയിൽ (കെ.എസ്.ഡി.യു.പി) സ്ഥാപിച്ച നെറ്റ് വർക്കുകൂടി ഉപയോഗിച്ചാവും പദ്ധതി നടപ്പാക്കുക. സർക്കാറിന്റെ ഭരണാനുമതി കിട്ടിയാൽ 302 കോടി രൂപ ചെലവിൽ അമൃത് 2 പദ്ധതിയിൽ പ്ലാന്റ് പണിയാനാണ് തീരുമാനം. 302 കോടിയുടെ 33.33 ശതമാനം തുക കോർപറേഷൻ കണ്ടെത്തണം.
സരോവരത്തെ വാട്ടർ അതോറിറ്റി ഓഫിസുകൾക്കടുത്ത് 2.6 ഏക്കർ സ്ഥലത്ത് പ്ലാന്റ് നിർമിക്കാനാണ് തീരുമാനം. നേരത്തെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) സഹായത്തോടെയുള്ള സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം പ്ലാന്റ് നിർമിക്കാനാണ് വാട്ടർ അതോറിറ്റി ഈ സ്ഥലം കൈമാറിയിരുന്നത്. അന്ന് കേസും മറ്റുമായി നടപ്പാകാതെപോയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ജല അതോറിറ്റി പുതിയ വിശദ പദ്ധതിരേഖ തയാറാക്കുകയായിരുന്നു. അന്ന് 13.5 എം.എൽ.ഡി പ്ലാന്റാണ് നിർമിക്കാൻ പദ്ധതിയിട്ടത്. അമൃത് പദ്ധതി പ്രകാരം സരോവരത്തെ ട്രീറ്റ്മെന്റ് പ്ലാന്റടക്കം രണ്ട് പദ്ധതികൾക്ക് നേരത്തേ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.
രണ്ട് പ്ലാന്റുകൾക്കും കൂടി സരോവരത്ത് 27 എം.ഡി ശേഷിയുള്ള പ്ലാന്റ് പണിത് നഗരത്തിലെ 22 വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കുന്നതാണ് പദ്ധതി. ഏകദേശം 170 കിലോമീറ്റർ മാലിന്യം കൊണ്ടുപോവാനുള്ള പൈപ്പിട്ട് 34,195ത്തോളം വീടുകൾക്ക് സൗകര്യം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.