ഭൂമി-ഭവനരഹിതർക്ക് പാർപ്പിടം ഒരുക്കാൻ പദ്ധതി; ഇന്ന് യോഗം
text_fieldsകോഴിക്കോട്: നഗരത്തിലെ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത നിർധനർക്ക് ബഹുജന പങ്കാളിത്തത്തോടെ പാർപ്പിടം ഒരുക്കുന്ന കോഴിക്കോട് കോർപറേഷന്റെ ബൃഹദ്പദ്ധതിയെക്കുറിച്ച് ആലോചിക്കാനും വിശദമായ രൂപരേഖ ഉണ്ടാക്കാനും കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17ന് തിങ്കളാഴ്ച പ്രമുഖ വ്യക്തികളുടെയും സ്ഥാപനമേധാവികളുടെയും യോഗം മലബാർ പാലസിൽ ചേരും. വൈകീട്ട് 4.30ന് ചേരുന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും.
നഗരത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ കഴിയുന്ന അയ്യായിരത്തിലേറെ കുടുംബങ്ങൾക്ക് ഘട്ടംഘട്ടമായി സുരക്ഷിതമായ പാർപ്പിടമൊരുക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഈ സാമ്പത്തിക വർഷംതന്നെ ആയിരം വീടുകൾ നിർമിച്ചുനൽകാനാണ് കോഴിക്കോട് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ ബീന ഫിലിപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഭൂമിയടക്കം ഒരു വീടിന് 14 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനായി സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയിൽനിന്ന് കണ്ടെത്തുന്ന തുകക്ക് പുറമെയുള്ള ആയിരം വീടൊരുക്കുന്നതിന് ആവശ്യമായ ബാക്കി തുക കോർപറേഷൻ കണ്ടെത്തേണ്ടതുണ്ട്. ഭൂമിയായും പണമായും നിർമാണ വസ്തുക്കളായും അധ്വാനമായും വിഭവസമാഹരണം നടത്തി തുക കണ്ടെത്താനാണ് ശ്രമം.
ബിസിനസ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടും മറ്റു സംഭാവനകളും ഉൾപ്പെടുത്തി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.