കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി പദ്ധതികൾ
text_fieldsകോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യപരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കമാകുന്നു. ഗൃഹകേന്ദ്രീകൃത നവജാതശിശു പരിചരണം (എച്ച്.ബി.എൻ.സി), ഗൃഹകേന്ദ്രീകൃത ശിശുപരിചരണം (എച്ച്.ബി.വൈ.സി) പദ്ധതികളാണ് ആരോഗ്യകേരളം കോഴിക്കോട്ട് ആരംഭിക്കുന്നത്.
മാസം തികയാതെയും തൂക്കക്കുറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളിൽ ആശാവർക്കർമാർ വീടുകളിലെത്തി ആരോഗ്യം ഉറപ്പാക്കുന്ന പദ്ധതിയാണ് എച്ച്.ബി.എൻ.സി. കുഞ്ഞു ജനിച്ച് മൂന്ന്, ഏഴ്, 14, 21, 28, 42 ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും.
എന്നാൽ, പ്രസവം വീട്ടിൽ വെച്ചാണ് നടന്നതെങ്കിൽ ഒന്നാം ദിവസവും ഗൃഹസന്ദർശനം നടത്തും. ആശാവർക്കറുടെ പ്രവർത്തനപരിധിയിലെ മാസം തികയാതെ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ജനനസമയത്ത് 2.500 ഗ്രാമിൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങളെയും വീട്ടിൽ എച്ച്.ബി.വൈ.സി പദ്ധതിപ്രകാരം സന്ദർശനം നടത്തും. ഇത് തെളിയിക്കുന്ന രേഖകൾ ജെ.പി.എച്ച്.എന്മാർ പരിശോധിച്ച് ഉറപ്പുവരുത്തും.
കൃത്യമായ വളർച്ച നിരീക്ഷണം, ഭക്ഷണരീതികൾ, പ്രതിരോധ കുത്തിവെപ്പുകൾ, വൃത്തിയോടുകൂടിയ ശിശുപരിചരണം എന്നിവ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച ആശാവർക്കർമാർ വീടുകളിലെത്തി രക്ഷിതാക്കളെ സജ്ജരാക്കുന്ന പദ്ധതിയാണ് എച്ച്.ബി.വൈ.സി. ജില്ലയിലെ തിരഞ്ഞെടുത്ത പട്ടികവർഗ മേഖല, തീരദേശം, നഗരചേരി പ്രദേശം, ട്രൈബൽ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഈ മേഖലയിലെ മൂന്നുമാസം മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികളുള്ള വീടുകളിലാണ് സന്ദർശനം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.