കളറായി പ്രവേശനോത്സവം
text_fieldsകോഴിക്കോട്: ഉത്സവാന്തരീക്ഷത്തിൽ സ്കൂളുകളിൽ കുരുന്നുകൾ അധ്യയനം ആരംഭിച്ചു. ജില്ലയിലെ സ്കൂളുകളിൽ ഏകദേശം 40,000 കുരുന്നുകളാണ് ഒന്നാംക്ലാസിൽ പ്രവേശനത്തിന് എത്തിയത്. ആശങ്കയോടെ സ്കൂളിലെത്തിയ പല കുരുന്നുകളും സ്കൂളിലെ ഉത്സവാന്തരീക്ഷത്തിൽ ആഹ്ലാദത്തോടെ ക്ലാസ് മുറികളിലിരുന്നു. കുട്ടികളുടെ കളിചിരികളിൽ പങ്കുചേർന്നും കരച്ചിലും കൊഞ്ചലും നയത്തോടെ നേരിട്ടും അധ്യാപകർ അരുമകളോടൊപ്പം സന്തോഷം പങ്കുവെച്ചു. ബലൂണും കൂർമ്പൻ തൊപ്പികളും മിഠായികളും മധുരപലഹാരവും നൽകിയാണ് ആദ്യദിനം അധ്യാപകർ കുരുന്നുകളെ വരവേറ്റത്. ജില്ലതല ഉദ്ഘാടനം ചെറുവണ്ണൂർ ജി.വി.എച്ച്.എസ് സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
പാഠ്യപദ്ധതിയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിലബസിൽ ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസരംഗം അഭൂതപൂർവമായ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
2,44646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒന്നാം ക്ലാസിലേക്ക് പ്രവേശനോത്സവം നടത്തിവരുന്ന ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുടങ്ങുന്നതിന് മുമ്പുതന്നെ എല്ലാ പാഠപുസ്തകങ്ങളും അച്ചടിച്ച് സ്കൂളിലെത്തിച്ചു കഴിഞ്ഞു. യൂനിഫോം ഉടൻ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെത്തിയ കുരുന്നുകളെ മന്ത്രിയാണ് ക്ലാസുകളിലേക്ക് സ്വീകരിച്ചത്. പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പ്രവേശനോത്സവ സന്ദേശം അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, പി.സി. രാജൻ, നിഷ പുത്തൻപുരയിൽ, ഡോ. യു.കെ. അബ്ദുൽ നാസർ, വി.വി. വിനോദ്, കെ.എൻ. സജീഷ് നാരായണൻ, എം.ടി. കുഞ്ഞു മൊയ്തീൻകുട്ടി, വി.പി. പ്രവീൺകുമാർ, സ്കൂൾ പ്രിൻസിപ്പൽ സഫിയ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അനിത എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ മനോജ് മണിയൂർ സ്വാഗതവും പ്രധാനാധ്യാകൻ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.