സ്കൂൾ തുറക്കുന്നത് യാത്രാദുരിതത്തിലേക്ക്
text_fieldsകോഴിക്കോട്: തിങ്കളാഴ്ച സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിദ്യാർഥികളുടെ യാത്രാദുരിതവും പൂർണമാകും. കോവിഡ്കാല പ്രതിസന്ധികൾക്കുശേഷം സ്വകാര്യ ബസുകൾ പലതും ഓട്ടം പുനരാരംഭിക്കാത്തതും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാപാസ് ആവശ്യത്തിന് ലഭിക്കാത്തതും വിദ്യാർഥികൾക്ക് തിരിച്ചടിയാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറന്നപ്പോൾ പോലും യാത്രാക്ലേശം രൂക്ഷമായിരുന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള ബസുകൾ പലതും ഇപ്പോഴും കട്ടപ്പുറത്താണ്.
സ്വകാര്യ വാഹനങ്ങളെയും ഓട്ടോറിക്ഷയെയും മറ്റു ടാക്സി സർവിസുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. പലയിടത്തും വിദ്യാർഥികളെ കയറ്റാൻ ബസ് ജീവനക്കാർക്ക് താൽപര്യവുമില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു മുന്നിൽനിന്ന് വിദ്യാർഥികളെ കയറ്റിയാൽ ബസ് നിറയുന്ന അവസ്ഥയുമുണ്ട്. കോവിഡ് പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ കുത്തിനിറച്ചുള്ള യാത്രയും അപകടകരമാണ്. ജില്ലയിൽ നേരത്തേയുള്ളതിന്റെ 75 ശതമാനം ബസ് സർവിസ് മാത്രമാണ് പുനരാരംഭിച്ചത്. രണ്ടും മൂന്നും മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ ഓടിയിരുന്ന റൂട്ടുകളിൽ 10 മിനിറ്റുവരെയാണ് നിലവിലുള്ള 'ടൈം ഗ്യാപ്'. ബസ് ചാർജ് വർധിപ്പിക്കാത്തതിനാൽ നഷ്ടത്തിലാണ് ഓട്ടമെന്ന് ഉടമകൾ പറയുന്നു.
വിദ്യാർഥികളിൽനിന്ന് കൂടുതൽ നിരക്ക് വാങ്ങുന്നവരുമുണ്ട്. സ്കൂൾ ബസുകളും പൂർണമായും നിരത്തിലിറങ്ങിയിട്ടില്ല. ലോക്ഡൗൺ കാലത്ത് നിർത്തിയിട്ട ചില ബസുകൾ നശിച്ചു. പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി സർക്കാർ സ്കൂളുകൾക്കടക്കമില്ല. ഇതോടെ ഈ ബസുകളെ ആശ്രയിക്കുന്നവരും സ്വകാര്യ ബസിലേക്ക് യാത്ര മാറ്റിയിട്ടുണ്ട്.
ഓട്ടോയിലും മറ്റു കോൺട്രാക്ട് വാഹനങ്ങളിലും പോയിരുന്ന കുട്ടികൾ രക്ഷിതാക്കളുടെ സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ ബസിലാണ് യാത്ര. കെ.എസ്.ആർ.ടി.സി സർവിസുകൾ സജീവമായ റൂട്ടുകളിൽ പാസ് അനുവദിക്കാൻ അധികൃതർ മടിക്കുന്നത് സ്വകാര്യ ബസുകാർക്ക് തിരിച്ചടിയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ കാലിയായി പോകുമ്പോൾ സ്വകാര്യ ബസുകളിൽ നിറയെ കുട്ടികളുമായി യാത്ര ചെയ്യുന്നത് അടിവാരം മുതൽ കോഴിക്കോട് നഗരം വരെയുള്ള സ്ഥിരം കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.