പുത്തൻ കുട, ബാഗ്; സ്കൂൾ വിപണി ഉണർന്നു
text_fieldsകോഴിക്കോട്: പുതിയ അധ്യയനവർഷം അടുത്തതോടെ സ്കൂൾ വിപണി സജീവമായി. പുത്തൻകുടയും ബാഗുമെല്ലാമായി സ്കൂളിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് വിപണിയെ സജീവമാക്കിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട ഒരുക്കങ്ങളിൽ രക്ഷിതാക്കളും പിന്നോട്ടില്ല.
കുട്ടികളുമായെത്തി അവർക്കിഷ്ടമുള്ള പഠനോപകരങ്ങൾ വാങ്ങിനൽകുന്നതിന് രക്ഷിതാക്കളും വലിയ പരിഗണന നൽകുന്നതിനാൽ നഗരത്തിലെയും നാട്ടിൻപുറങ്ങളിലേയും സ്കൂൾ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളേക്കാൾ വിപണി സജീവമായതിനാൽ വ്യാപാരികൾ വലിയ പ്രതീക്ഷയിലാണെങ്കിലും വിലക്കയറ്റത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്.
ബാഗ്, കുട, ചെരിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവക്ക് മുൻ വർഷത്തേക്കാർ 20 ശതമാനം വരെയാണ് വില കൂടിയത്. വിലക്കയറ്റം പിടിച്ചുനിർത്തി കൺസ്യൂമർഫെഡ് ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളും വിവിധ സഹകരണ സംഘങ്ങളുടെ സ്കൂൾ വിപണികളും സജീവമായത് രക്ഷിതാക്കൾക്ക് ആശ്വാസമാണ്.
അധ്യയന വർഷാരംഭത്തിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം തടയാൻ ജില്ലയിൽ കൺസ്യൂമർഫെഡ് 45 ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റുകളാണ് തുടങ്ങിയതെന്ന് റീജനൽ മാനേജർ പി.കെ. അനിൽ കുമാർ പറഞ്ഞു. മുതലക്കുളത്തെ മെഗാ സ്റ്റുഡന്റ് മാർക്കറ്റിനുപുറമെ നഗരത്തിൽ പാറോപ്പടി, നടക്കാവ്, ഈസ്റ്റ്ഹിൽ എന്നിവിടങ്ങളിലും മേളകൾ പ്രവർത്തിക്കുന്നുണ്ട്.
ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി കാലാനുസൃതമായ മാറ്റങ്ങളോടെയുള്ള പഠനോപകരണങ്ങളുടെ കമനീയ ശേഖരമാണ് സ്കൂൾ വിപണികളിൽ ഒരുക്കിയിരിക്കുന്നത്. മുതലക്കുളത്തെ ത്രിവേണി സ്കൂൾ മാർക്കറ്റിൽ ബാഗ്ഹൗസ്, അംബ്രല്ല കോർണർ, സ്പോർട്സ് കോർണർ, ഷൂ മാർക്കറ്റ്, നോട്ടുബുക്ക് ഗാലറി, മറ്റ് പഠനോപകരണവിഭാഗം എന്നിങ്ങനെ വിവിധ സ്റ്റാളുകളായാണ് സാധനങ്ങൾ ഒരുക്കിയത്.
ദിനേശ്, പോപ്പി, ജോൺസ്, മാരാരി എന്നീ കമ്പനികളുടെ കുടകൾക്ക് 15 മുതൽ 25 ശതമാനം വരെയും സ്കൂബിഡേ, ഒഡീസിയ, സഫാരി, എസ്.ആർ.കെ എന്നീ കമ്പനികളുടെ വിവിധയിനം ബാഗുകൾക്ക് 40 ശതമാനം വരെയും വിലക്കുറവുണ്ട്. 400 മുതൽ 2165 രൂപ വരെ വിലയുള്ള ബാഗുകളാണ് ഇവിടെ ഒരുക്കിയത്.
കൺസ്യൂമർഫെഡ് നിർമിച്ച് വിപണിയിലിറക്കുന്ന ത്രിവേണി നോട്ടുബുക്കുകൾക്ക് വലിയ വിലക്കുറവുണ്ട്. 192 പേജ് സാധാ നോട്ടുബുക്കിന് 43 രൂപയും 140, 160, 192 പേജ് കോളജ് നോട്ടുകൾക്ക് യഥാക്രമം 47, 53, 60 രൂപയുമാണ് പൊതുവിപണിയിലെ വില. എന്നാൽ ത്രിവേണിയിൽ 192 പേജ് സാധാ നോട്ടുബുക്കിന് 30 രൂപയും കോളജ് നോട്ടുകൾക്ക് യഥാക്രമം 32, 37, 43 രൂപയുമാണ് വില.
വിവിധ കമ്പനികളുടെ ഷൂകളും റബ്കോ കമ്പനിയുടെ ചെരിപ്പുകളും 10 ശതമാനം വിലക്കുറവിലാണ് വിൽക്കുന്നത്. ഇൻസ്ട്രുമെന്റ് ബോക്സ്, പേന, സ്നാക്സ് ബോക്സുകൾ, പേപ്പർറോൾ, നെയിം സ്ലിപ്, ടിഫിൻ ബോക്സ്, വാട്ടർബോട്ടിലുകൾ തുടങ്ങിയവയുടെയും വൻ ശേഖരം ഒരുക്കിയിട്ടുണ്ട്.
പഠനോപകരണങ്ങൾ 20 ശതമാനം വിലക്കുറവിൽ ലഭിക്കും. മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരത്ത് സ്കൂൾ ടീച്ചേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെയും പാവമണി റോഡിൽ കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും സ്കൂൾ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. മിഠായിത്തെരുവിലും സ്കൂൾ വിപണി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.