കായികമേള: മുക്കം ജേതാക്കൾ
text_fieldsകോഴിക്കോട്: മലയോര വിദ്യാലയങ്ങളുടെ മുറ്റത്തുനിന്ന് ആവാഹിച്ച കരുത്തുമായി പ്രതിഭകൾ വീറോടെ പൊരുതിയ കായികപോരാട്ടത്തിൽ മുക്കം ഉപജില്ല ജേതാക്കളായി. രണ്ടാം സ്ഥാനക്കാരായ പേരാമ്പ്ര ഉപജില്ലയെ കാതങ്ങൾ പിന്നിലാക്കിയായിരുന്നു മുക്കത്തിന്റെ കുതിപ്പ്.
മൂന്നു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്‌റ്റേഡിയത്തിൽ നടന്ന ജില്ല കായികമേളയിൽ കൗമാരക്കരുത്തിന്റെ പുത്തൻ താരോദയങ്ങളിൽ പല ഉപജില്ലകൾക്കും സ്കൂളുകൾക്കും സ്ഥാനനിലകളിൽ ഇളക്കംതട്ടി.
326 പോയന്റ് നേടിയാണ് മുക്കം കിരീടം സ്വന്തമാക്കിയത്. ഉപജില്ലക്കായി 241 പോയന്റ് സമ്മാനിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ് ജില്ലയുടെ കായികഭൂപടത്തിൽ ആധിപത്യം അരക്കിട്ടുറപ്പിച്ചു. രണ്ടാം സ്ഥാനത്തെത്തിയ പേരാമ്പ്ര ഉപജില്ല 79 പോയന്റാണ് നേടിയത്. 66 പോയന്റുമായി ബാലുശ്ശേരി മൂന്നാമതെത്തി.
സ്‌കൂൾ ഇനത്തിൽ പുല്ലൂരാംപാറ 29 സ്വർണവും 31 വെള്ളിയും 15 വെങ്കലവും നേടി. 62 പോയന്റ് നേടി പൂവമ്പായി എ.എം.എച്ച്.എസാണ് രണ്ടാമത്. 55 പോയന്റുമായി കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസാണ് മൂന്നാമത്. മേളയിൽ പങ്കെടുത്ത 72 സ്‌കൂളുകളിൽ 67 സ്‌കൂളുകളും മെഡൽ പട്ടികയിൽ ഇടംനേടി. 24 സ്‌കൂളുകളാണ് സ്വർണമെഡലുകൾ കരസ്ഥമാക്കിയത്.
കായികമേളയുടെ സമാപനസമ്മേളനം തുറമുഖ പുരാവസ്തു മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എൻ.എം. ലീല, വാർഡ് കൗൺസിലർമാരായ അഡ്വ. സി.എം. ജംഷീർ, ഡോ. പി.എൻ. അജിത, ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, കോഴിക്കോട് ഡി.ഇ.ഒ കെ.പി. ധനേഷ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി മുഹമ്മദ് ഷാഫി, ജില്ല സ്പോർട്സ് കോഓഡിനേറ്റർ ഡോ. എം. ഷംജിത്ത്, എം.സി.സി എച്ച്.എസ് ഹെഡ്മാസ്റ്റർ എൻ. പ്രമോദ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.എം.എ. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.