ഒന്നരപ്പതിറ്റാണ്ട് പൂർത്തിയാക്കി വിദ്യാലയ ജാഗ്രതാസമിതി
text_fieldsകോഴിക്കോട്: ഒന്നരപ്പതിറ്റാണ്ട് പൂർത്തിയാക്കി ജില്ലയുടെ തനത് വിദ്യാഭ്യാസ പരിപാടിയായ വിദ്യാലയ ജാഗ്രതാസമിതി. വിദ്യാലയങ്ങളിലും വീടുകളിലും വഴിയിലും കുട്ടികൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെ ചെറുക്കാൻ ആരംഭിച്ച പദ്ധതിയാണിത്. കൗമാരക്കാരുടെയും കൗമാരത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെയും ശാരീരിക, മാനസികപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കേരളത്തിൽ ആദ്യമായി കോഴിക്കോട് ആരംഭിച്ച അധ്യാപക-വിദ്യാർഥി കൂട്ടായ്മയാണ് വിദ്യാലയ ജാഗ്രതാസമിതികൾ.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ജില്ല വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന സർഗാത്മക കൗമാര പിന്തുണ പരിപാടികൾ എന്നിവക്ക് ശക്തമായ പിന്തുണ ഒരുക്കുന്നുണ്ട് സമിതി.
വനിത ശിശുവികസന വകുപ്പ്, എക്സൈസ്, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ല ഭരണകൂടം വിദ്യാലയ ജാഗ്രതാസമിതിക്ക് വലിയ പ്രാധാന്യമാണ് ഓരോ വിദ്യാലയത്തിലും നൽകിയത്. ആവശ്യമായ അക്കാദമിക പിന്തുണ ഒരുക്കുന്നതും പരിശീലന മൊഡ്യൂളുകൾ തയാറാക്കുന്നതും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതും ജില്ല വിദ്യാഭ്യാസ പരിശീലനകേന്ദ്രമാണ്.
2008ൽ ജില്ല പഞ്ചായത്തിന്റെ പിന്തുണയോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാലയ ജാഗ്രതാസമിതി ആരംഭിച്ചത്. ഒഴിവ് ദിവസങ്ങളിലടക്കം അധ്യാപകരെ വിളിച്ചുചേർത്ത് വിവിധ സ്ഥലങ്ങളിൽ കൂടിച്ചേർന്ന് കൗമാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പൊതുചർച്ചക്ക് വിധേയമാക്കിയതിന്റെ ഫലമായിരുന്നു കേരളത്തിനാകെ മാതൃകയായിമാറിയ വിദ്യാലയ ജാഗ്രതാസമിതി.
തുടക്കത്തിൽ ഹൈസ്കൂളുകളിൽ മാത്രമുണ്ടായിരുന്ന ജാഗ്രതാസമിതിയുടെ പ്രവർത്തനങ്ങൾ പിന്നീട് പ്രൈമറി വിദ്യാലയങ്ങളിലും ആരംഭിച്ചു. പാഠങ്ങൾ പഠിപ്പിക്കുന്നതിന് പുറമെ കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവരെ ശാക്തീകരിക്കുക എന്ന ചുമതല കൂടി അധ്യാപകർ ഏറ്റെടുത്തു.
ജാഗ്രത ബ്രിഗേഡ്, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ, പരാതിപ്പെട്ടി, സാന്ത്വനമൂല, അധ്യാപകർക്കുള്ള ശിൽപശാലകൾ, രക്ഷിതാക്കളുടെ ശിൽപശാല, ജാഗ്രതാ സമിതി റിസോഴ്സ് ഗ്രൂപ് തുടങ്ങിയ പ്രവർത്തനങ്ങൾ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.