ഇനി പഠന നാളുകൾ
text_fieldsകോഴിക്കോട്: ജില്ലയിലെ 1280 ഓളം പൊതു വിദ്യാലയങ്ങളും നിരവധി സി.ബി.എസ്.ഇ സിലബസിലുള്ള സ്കൂളുകളിലും ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. ചില സി. ബി.എസ്.ഇ സ്കൂളുകളിൽ ചെറിയ ക്ലാസുകളിൽ അടുത്ത തിങ്കളാഴ്ചയാണ് തുടങ്ങുക. വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാൻ വർണാഭമായ ഒരുക്കങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നടത്തിയത്. സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിൽ യൂനിഫോമും പാഠപുസ്തക വിതരണവും പൂർത്തിയായി.
ജില്ലാതല സ്കൂൾ പ്രവേശനോത്സവം ബുധനാഴ്ച കച്ചേരിക്കുന്ന് ഗവ. എൽ.പി. സ്കൂളിൽ നടക്കും. പരിപാടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. മേയർ ബീന ഫിലിപ്, എം.കെ. രാഘവൻ എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ പങ്കെടുക്കും.
ജില്ലയിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായിവരുകയാണ്. സ്കൂളുകളിൽ നേരിട്ടെത്തിയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തുന്നത്. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായിട്ടുണ്ട്.
കോവിഡിന്റെ ഭീതി ഒഴിയാത്തതിനാൽ കർശനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് ജില്ലയിൽ പുരോഗമിക്കുകയാണ്. വാക്സിൻ കുത്തിവെക്കുന്ന വിദ്യാർ ഥികളുടെ എണ്ണം കുറവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കണമെന്ന് മാത്രമല്ല, അധികമായി ഒരു മാസ്ക് ബാഗിൽ സൂക്ഷിക്കണം.
സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് ജില്ലയിലെ സ്കൂൾ വിപണികളിൽ വൻ തിരക്കായിരുന്നു. നഗരത്തിൽ മിഠായിത്തെരുവിലും മുതലക്കുളത്തെ കൺസ്യൂമർ ഫെഡ് സ്കൂൾ മാർക്കറ്റിലും വൻതിരക്ക് അനുഭവപ്പെട്ടു. സ്കൂൾ തുറക്കാറായിട്ടും ബസ് യാത്ര നിരക്കിളവിനുള്ള പാസ് അനുവദിക്കുന്നതിൽ അധികൃതർ അലസത കാണിക്കുന്നതായുള്ള ആക്ഷേപം ശക്തമാണ്. കെ.എസ്.ആർ.ടി.സി ബസുകളുടെ സർവിസുകൾ കുറച്ചതിനാൽ വിദ്യാർഥികൾക്ക് യാത്ര ദുരിതമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.