വയറ്റിൽ കത്രിക: ഡോക്ടറെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ കേസിൽ ഡോക്ടർ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. കേസ് അന്വേഷിച്ച മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ നൽകിയ അപേക്ഷയിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്, സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടറെയും രണ്ടു നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇതോടെ കേസിലെ നാലു പ്രതികൾക്കെതിരെയും രണ്ടു ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സുദർശൻ അറിയിച്ചു.
2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് മെഡിക്കൽ കോളജിൽ ഹർഷിനയുടെ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നീ നാലുപേരെ പ്രതിചേർത്ത് പൊലീസ് കുന്ദമംഗലം കോടതിയിൽ പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. ഇതിൽ ആരോഗ്യ വകുപ്പിനുകീഴിൽ ജോലി ചെയ്യുന്ന ഡോ. സി.കെ. രമേശൻ, എം. രഹന, കെ.ജി. മഞ്ജു എന്നിവരെ കുറ്റവിചാരണ ചെയ്യുന്നതിനാണ് സർക്കാറിൽനിന്ന് അനുമതി തേടിയത്. കേസിന്റെ ആദ്യഘട്ടത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്.
കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്. എന്നാൽ, ഹർഷിന സമരവുമായി രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.
ഈ അന്വേഷണത്തിലാണ് ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടുനീങ്ങുകയായിരുന്നു. വിവാദമായ കേസിൽ പ്രോസിക്യൂഷന് അനുമതി വൈകിയതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുന്നതിനുമുമ്പ് പ്രോസിക്യൂഷന് അനുമതി ലഭിച്ചില്ലെങ്കിൽ സമാപന ദിവസം തിരുവനന്തപുരത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ഹർഷിനയുടെ പ്രശ്നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു.
വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും മാന്യമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടും കോഴിക്കോട് മെഡിക്കൽ കോളജിനുമുന്നിൽ ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നിരുന്നു. അപൂർവമായാണ് ചികിത്സ പിഴവ് കേസുകളിൽ ആരോഗ്യ പ്രവർത്തകർ കുറ്റവിചാരണ ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.