ബസ് കയറി സ്കൂട്ടർ യാത്രിക മരിച്ച സംഭവം: പൊലീസ് അന്വേഷിച്ച കാർ കണ്ടെത്തി
text_fieldsവെള്ളിമാട്കുന്ന്: വേങ്ങേരിക്കടുത്ത് ബസ് കയറി സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷിച്ച കാർ കണ്ടെത്തി. വേങ്ങേരി തണ്ണീർപ്പന്തൽ പരപ്പങ്ങാട്ട് താഴത്ത് പ്രകാശന്റെ മകൾ അഞ്ജലി (27) മരിച്ച സംഭവത്തിലാണ് ചേവായൂർ പൊലീസ് കാർ കണ്ടെത്തിയത്.
യുവതി സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചതിനെത്തുടർന്ന് ബസിനടിയിൽപെടുകയായിരുന്നു എന്ന പരാതി ഉയർന്നതിനാലാണ് പൊലീസ് അന്വേഷണം നടത്തിയത്. നിരവധി സി.സി ടി.വി പരിശോധിച്ച ശേഷമാണ് കാർ ബുധനാഴ്ച കണ്ടെത്തിയത്.
എന്നാൽ, കാർ സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്നും സംഭവ സമയത്ത് സി.സി ടി.വിയിൽ പതിഞ്ഞ വിവാദ കാറും മറ്റ് വാഹനങ്ങളും വ്യാഴാഴ്ച വീണ്ടും പരിശോധിച്ച് യാത്രക്കാരിൽനിന്ന് തെളിവെടുക്കുമെന്നും ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽനിന്നും സി.സി ടി.വിയിൽനിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കരിക്കാംകുളത്തിനും തടമ്പാട്ട് താഴത്തിനും ഇടയിലെ ഇന്ദ്ര ട്രാവൽസിന് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് പറമ്പിൽബസാറിലേക്ക് പോകുന്ന ബസിനടിയിൽപെട്ടാണ് സ്കൂട്ടർ യാത്രിക മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.