തീരദേശം: കടലേറ്റം ചെറുക്കാൻ വരുന്നു പുലിമുട്ടുകൾ
text_fieldsകടലുണ്ടി: കാലവർഷത്തിൽ കലിതുള്ളുന്ന കടലേറ്റം ചെറുക്കാൻ തീരദേശ മേഖലയിൽ പുലിമുട്ട് നിർമിക്കാനുള്ള പദ്ധതി ആലോചനയിൽ. ചാലിയം ബീച്ച് മുതൽ കടലുണ്ടിക്കടവുവരെയുള്ള രണ്ടര കി. മീറ്റർ തീരദേശ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. എങ്കിലും പ്രാരംഭഘട്ടത്തിൽ ചാലിയം മുതൽ ബൈത്താനിവരെയുള്ള ഒരു കി. മീറ്റർ ഭാഗത്ത് പുലിമുട്ട് നിർമിക്കുകയാണ് ചെയ്യുക.
200 മീറ്റർ ഇടവിട്ട് 150 മീറ്റർ കടലിലേക്ക് തള്ളി ശക്തമായി പുലിമുട്ട് നിർമിക്കും. നിലവിലുള്ള കടൽഭിത്തിയുടെ വീതിയിലാണ് നിർമാണം. ഇടവിട്ട് കടലിലേക്ക് ഭിത്തി നിർമിക്കുന്നതിനാൽ കടലേറ്റം കുറയുന്നതോടൊപ്പം തന്നെ കടലിലെ തിരമാലകൾക്കൊപ്പം വരുന്ന മണ്ണ് ഇതിനിടയിൽ അടിഞ്ഞുകൂടും. അങ്ങനെ വരുമ്പോൾ നിലവിലുള്ള ഭിത്തിക്ക് ഉറപ്പേകും. തീരദേശ മേഖലയിൽ താമസിക്കുന്നവർ വീടൊഴിഞ്ഞുപോവുമ്പോൾ മറ്റൊരിടത്ത് വീട് വെക്കാനായി 10 ലക്ഷം രൂപ സർക്കാർ നൽകുന്നുണ്ട്.
ഭൂമി വാങ്ങി വീടുവെക്കാൻ ഈ തുക അപര്യാപ്തവുമാണ്. മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്ത് ഏറെയും താമസക്കാർ. മറ്റൊരിടത്തേക്ക് താമസം മാറ്റിയാൽ ഇവരുടെ ജോലിയെ ബാധിക്കും. കടലിന്റെ നീക്കങ്ങൾ മനസ്സിലാക്കി പെട്ടെന്ന് ജോലിക്ക് പോകണമെങ്കിൽ കടലോരത്തുതന്നെ താമസിക്കണമെന്നതാണ് തൊഴിലാളികളുടെ അഭിപ്രായം.
അതേസമയം, തീരദേശ റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ മിക്ക വീടുകളും ഒഴിവാകേണ്ടി വരുമെന്നും സൂചനയുണ്ട്. നിലവിലുള്ള ചാലിയം-കടലുണ്ടിക്കടവ് റോഡ് വീതികൂട്ടിക്കൊണ്ടാവും തീരദേശ റോഡ് പ്രാവർത്തികമാക്കുക. പുലിമുട്ട് നിർമാണം പ്രാവർത്തികമായാൽ തീരദേശ ഭീഷണി കുറയുമെന്നാണ് വിദഗ്ധാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.