കാലവർഷം; ചാലിയം, കടലുണ്ടി മേഖലയിൽ കടൽക്ഷോഭം
text_fieldsകടലുണ്ടി: ചാലിയം, കടലുണ്ടി കടലോര മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. ബൈത്താനി, കപ്പലങ്ങാടി, വാക്കടവ്, കടുക്ക ബസാർ മേഖലകളിൽ കടൽക്ഷോഭമുണ്ടായി. തീരദേശത്തുള്ള മിക്ക വീടിന്റെയും ചുമരിലേക്ക് അതിശക്തമായ തിരയടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലവർഷ സമയത്തും ഈ മേഖലകളിൽ അതിശക്തമായ കടൽക്ഷോഭം ഉണ്ടായിരുന്നു. കടൽക്ഷോഭം രൂക്ഷമാകുമെന്നതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ പറഞ്ഞു.
ചാലിയാർ പ്രക്ഷുബ്ധം തന്നെ; ജങ്കാർ സർവിസ് പുനരാരംഭിക്കാനായില്ല
കടലുണ്ടി: ചാലിയം കടവിൽ ജങ്കാർ സർവിസ് വെള്ളിയാഴ്ചയും മുടങ്ങി. ചാലിയാർ പ്രക്ഷുബ്ധമായതിനെ തുടർന്ന് ജങ്കാർ സർവിസ് നടത്താൻ കഴിയാതെ വരികയായിരുന്നു. ചാലിയം ഭാഗത്തെ കരയിൽ ഓളങ്ങൾക്ക് കുറവുണ്ടെങ്കിലും ബേപ്പൂർ ജെട്ടിക്കരികിൽ പുഴയുടെ താണ്ഡവം ശക്തമായി തുടരുകയാണ്.
ബേപ്പൂർ ജെട്ടിയിൽ ജങ്കാർ കരക്കടുപ്പിക്കാൻ ഏറെ പ്രയാസം നേരിട്ടതോടെയാണ് വ്യാഴാഴ്ച രാവിലെ മുതൽ സർവിസ് നിർത്തിവെച്ചത്. ജെട്ടിക്കരികിൽ നിന്ന് മണ്ണും ചളിയും നീക്കി ആഴം വർധിപ്പിച്ചതും ന്യൂനമർദത്തെ തുടർന്നുള്ള ചാലിയാറിലെ അടിയൊഴുക്കുമാണ് താരമാലകൾ ആഞ്ഞുവീശാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, ജങ്കാറിനെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും യാത്രക്കാർക്ക് ആശങ്ക വർധിച്ചിട്ടുണ്ട്. ജങ്കാറിന്റെ പഴക്കവും പരാതിക്കടിസ്ഥാനമായിട്ടുണ്ട്. കൊച്ചിൻ സർവീസാണ് കരാറുകാർ. കടലുണ്ടി പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല. പൊലീസ്, തുറമുഖ വകുപ്പ്, പഞ്ചായത്ത് അധികൃതർ, കരാറുകാർ, പൊതുജനങ്ങൾ എന്നിവരുടെയെല്ലാം യോഗം വിളിച്ച് ജങ്കാർ സർവിസിന്റെ ആശങ്കകൾ അകറ്റാനുള്ള നടപടികൾ കൈകൊള്ളാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.