കടൽ അടിച്ചുകയറ്റിയത് ടൺകണക്കിന് വിറകും തടിയും
text_fieldsചാലിയം: ദിവസങ്ങളായി ഒഴുകിയെത്തുന്ന പ്രളയജലം തീരവാസികൾക്ക് ദുരിതത്തോടൊപ്പം സമ്മാനിച്ചത് ടൺ കണക്കിന് വിറകിൻെറയും തടിയുടെയും ശേഖരം. നിലമ്പൂർ കാടുകൾ താണ്ടി കുത്തിയൊഴുകിയെത്തിയ ചാലിയാറാണ് തെൻറ രൗദ്രഭാവത്തിൽ കഷ്ടത്തിലായവർക്ക് കൊല്ലം മുഴുവൻ കത്തിക്കാനുള്ള വിറകും പണിത്തരങ്ങളാക്കാൻപോലും പാകത്തിലുള്ള തടിമരങ്ങളും സമ്മാനിച്ചത്.
ശക്തമായ ഒഴുക്കായതിനാൽ പുഴ വഴിയെത്തുന്ന മരങ്ങൾ നദീതീരത്തുള്ളവർക്ക് പിടിച്ചെടുക്കാൻ പ്രയാസമാണ്. എന്നാൽ, ചാലിയം-ബേപ്പൂർ അഴിമുഖത്തെത്തുന്നതോടെ ഇവ കടലിലേക്കെത്തപ്പെടുന്നു. കടൽക്ഷോഭത്തെ തുടർന്ന് രൂപംകൊള്ളുന്ന കൂറ്റൻ തിരമാലകൾ ഇവയാകെ തീരത്തേക്കടിച്ചുകയറ്റുന്നു.
ഈട്ടി, തേക്ക്, പ്ലാവ്, ഇരൂൾ തുടങ്ങിയ വിലയേറിയ മരത്തടികളും പാഴ്മരങ്ങളുടെ വൻശേഖരവും ചാലിയം പുലിമുട്ട് മുതൽ കടലുണ്ടിക്കടവ് വരെ തീരവാസികൾക്ക് ലഭിച്ചിട്ടുണ്ട്. ശരിക്കും ചാകരക്കോളായത് വിറകാണ്. പലർക്കും ഒരു വർഷം കത്തിച്ചാൽപോലും തീരാത്ത വിറക് ശേഖരിക്കാനായി. കടൽഭിത്തി കവിഞ്ഞ് വരുന്ന തിരമാലകൾ വെള്ളത്തോടൊപ്പം എത്തിച്ചുകൊടുക്കുന്ന മരങ്ങൾ ശേഖരിക്കാൻ സ്ത്രീകളും കുട്ടികളുമൊക്കെ ഗൃഹനാഥന്മാർക്കൊപ്പം സഹായത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.