നഗരസഭക്കെതിരെ മനുഷ്യാവകാശ കമീഷൻ; ശുചിത്വത്തിന് രണ്ടാംസ്ഥാനം നൽകുന്നത് അപലപനീയം
text_fieldsകോഴിക്കോട്: ശുചിത്വത്തിന് രണ്ടാം സ്ഥാനം നൽകി മറ്റുകാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന കോഴിക്കോട് നഗരസഭയുടെ നടപടി അപലപനീയമെന്ന് മനുഷ്യാവകാശ കമീഷൻ. സിവിൽ സ്റ്റേഷൻ വളപ്പിലെ കാന്റീന് സമീപമുള്ള ഓവുചാലിൽനിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുകിയെത്തുന്നുവെന്ന പരാതിയിലാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം.
മുപ്പതോളം കുടുംബങ്ങൾ ഇതുവഴി ദുരിതമനുഭവിക്കുകയാണ്. കമീഷൻ നഗരസഭ സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. സിവിൽ സ്റ്റേഷനിൽ ജില്ല പ്ലാനിങ് ഓഫിസ് കെട്ടിടത്തിലുള്ള കുടുംബശ്രീ കാന്റീനെതിരെയാണ് പരാതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കാന്റീന് ലൈസൻസില്ലാത്തതിനാൽ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയെങ്കിലും ജില്ല കലക്ടറുടെ നിർദേശാനുസരണം സാവകാശം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പ്ലാനിങ് ഓഫിസ് കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാത്തതുകാരണമാണ് കാന്റീന് ലൈസൻസ് ലഭ്യമാക്കാൻ കഴിയാത്തതെന്ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
കാന്റീനിൽ മലിനീകരണ സംസ്കരണത്തിന് പുതിയ ടാങ്ക് നിർമിക്കുന്നതുവരെ മലിനജലം പമ്പുചെയ്ത് ഒഴിവാക്കുന്നതിന് കാന്റീൻ സംരംഭകർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിർദേശം നടപ്പാക്കാൻ കുടുംബശ്രീ മിഷന് ചുമതല നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശുചിത്വനഗരം എന്ന് ഉദ്ബോധിപ്പിക്കുന്ന അധികൃതർ അതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് തീർത്തും ലജ്ജാകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. കാന്റീനിലെ മലിനജലം സംബന്ധിച്ച തർക്കം ഇതിനകം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ രണ്ടു മാസത്തിനുള്ളിൽ ശാശ്വതപരിഹാരം കാണണമെന്ന് കമീഷൻ കലക്ടർക്ക് നിർദേശം നൽകി.
ജില്ല ഭരണകൂടം അപ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ ഒരുവിധ പരിഗണനയും നൽകാതെ കാന്റീൻ അടച്ചുപൂട്ടുന്നതിന് നഗരസഭ സെക്രട്ടറി നിയമാനുസൃതം നടപടി സ്വീകരിക്കണം. കലക്ടറും നഗരസഭ സെക്രട്ടറിയും സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ കമീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പൊതു പ്രവർത്തകൻ എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.