തീർത്തിട്ടും തീരാതെ ഐ.എൻ.എൽ വിഭാഗീയത
text_fieldsകോഴിക്കോട്: തീർത്തിട്ടും തീരാതെ ഐ.എൻ.എല്ലിലെ കലഹം വീണ്ടും പൊട്ടിത്തെറിയിലേക്ക്. കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലെ പോര് പിളർപ്പിലേക്ക് നീങ്ങിയതോടെ കാന്തപുരം അബൂബക്കർ മുസ്ലിയാർ മധ്യസ്ഥനായി ഒത്തുതീർത്തെങ്കിലും ഇരുവിഭാഗവും വെടിനിർത്തൽ ലംഘിച്ച് മുന്നോട്ടു പോവുകയാണ്.
ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് ഒക്ടോബർ 10നകം ജില്ല കൺവെൻഷനുകൾ പൂർത്തിയാക്കി അംഗത്വവിതരണം പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാൽ, ഒരൊറ്റ കൺവെൻഷനും ചേർന്നിട്ടില്ല. സംസ്ഥാന കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ കാസിം പക്ഷം നൽകിയ കേസ് പിൻവലിച്ചിട്ടുമില്ല. വഹാബ് പക്ഷം വിഭാഗീയ പ്രവർത്തനം തുടരുന്നതിനാൽ കേസ് പിൻവലിക്കാനാകില്ലെന്നാണ് കോടതിയെ അറിയിച്ചത്. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്.
അംഗത്വ കാമ്പയിൻ നടത്താൻ ഇരുവിഭാഗത്തിലെയും അഞ്ചുപേരെ ഉൾപ്പെടുത്തി ഉപസമിതി ഉണ്ടാക്കി ഒരുതവണ യോഗം ചേർന്നെങ്കിലും ജില്ല കൺവെൻഷനുകൾ നടക്കാത്തതിനാൽ നേരത്തെ കാസിം പക്ഷം തുടങ്ങിവെച്ച കാമ്പയിൻ പുനരാരംഭിച്ചിട്ടില്ല. വെള്ളിയാഴ്ച കാസർകോട് കൺവെൻഷൻ നിശ്ചയിച്ചെങ്കിലും അന്ന് വഹാബ് അസൗകര്യം അറിയിച്ചതായാണ് അറിയുന്നത്. ഇതേദിവസം കോഴിക്കോട് സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ കാസിം പക്ഷത്തെ തഴഞ്ഞതായി പരാതിയുണ്ട്.
എറണാകുളത്ത് പ്രവർത്തകസമിതിയോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ പങ്കുവഹിച്ചവരെ മാറ്റിനിർത്തണമെന്ന നിർദേശം അവഗണിച്ച് കോഴിക്കോട് ജില്ല ജന. സെക്രട്ടറി ഭാരവാഹിത്വത്തിൽ തുടരുന്നതിനെ കാസിം പക്ഷം ചോദ്യംചെയ്യുന്നു. അതിനിടെ, നാഷനൽ സെക്യുലർ കോൺഫറൻസുമായി ചേർന്ന് ഐ.എൻ.എൽ കേരള രൂപവത്കരിക്കാനും നീക്കമുണ്ട്. ഇരുവിഭാഗവും വീണ്ടും വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ഇടതുമുന്നണി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.