ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയത; ഒമ്പതുപേർക്കെതിരെ സി.പി.എം നടപടി
text_fieldsകോഴിക്കോട്: ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രാദേശിക നേതാക്കൾക്കെതിരെ സി.പി.എം നടപടി. കുന്ദമംഗലം ഏരിയ കമ്മിറ്റിക്ക് കീഴിലെ വെള്ളിപറമ്പ്, ചൂലൂർ ലോക്കൽ കമ്മിറ്റി പരിധികളിലായി ഒമ്പതുപേർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
വെള്ളിപറമ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പി. സന്തോഷ്, പി. ലിബീഷ്, മുഹമ്മദ് അഷ്റഫ് എന്നിവരെയും ബ്രാഞ്ച് സെക്രട്ടറിമാരായ വി.ഇ. രജീഷ്, എം.വി. പ്രസൂൺ, എം. സിനീഷ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കി. ഇതോടെ ഇവരെല്ലാം പാർട്ടി അംഗങ്ങൾ മാത്രമായി തുടരും. മറ്റു രണ്ടിടങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരായ എം.പി. ബഷീർ, അബ്ദുൽ ഗഫൂർ എന്നിവരെ പരസ്യമായി ശാസിക്കുകയും ചെയ്തു. ചൂലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറി അജേഷ് പയ്യടിയെ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡും ചെയ്തു.
ഇരു ലോക്കൽ സമ്മേളനങ്ങളിലും പുതിയ കമ്മിറ്റിക്കായി അവതരിപ്പിച്ച പാനലിനെതിരെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇത് വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. തുടർന്ന് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗങ്ങളായ വി. സുന്ദരൻ, ടി.കെ. മുരളീധരൻ എന്നിവരെ അംഗങ്ങളാക്കി കമീഷനെ നിയോഗിച്ചു. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. കമീഷൻ റിപ്പോർട്ടിൽ ജില്ല കമ്മിറ്റി അംഗം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഏരിയ കമ്മിറ്റി അംഗം എന്നിവർക്കെതിരെ ചില പരാമർശങ്ങൾ ഉള്ളതായും സൂചനയുണ്ട്. എന്നാൽ, ഇരുവർക്കുമെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ചിലരെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ അണിയറയിൽ വിഭാഗീയ പ്രവർത്തനം നടത്തി, വിഭാഗീയതയുടെ ഭാഗമായി സമ്മേളനത്തിൽ മത്സരിച്ചു എന്നതടക്കമാണ് നടപടി നേരിട്ടവർക്കെതിരായ കണ്ടെത്തലുകൾ. പാർട്ടി സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടും മറ്റും നേരത്തെ കാരക്കുന്നത്ത് ലോക്കൽ പരിധിയിലുള്ളവർക്കെതിരെയും സി.പി.എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.