സുരക്ഷാവീഴ്ച; ചാലിയാറിൽ ജങ്കാറിന് ‘പൂട്ട്’
text_fieldsകടലുണ്ടി: ചാലിയം കടവിലെ ജങ്കാർ സർവിസ് തുറമുഖ വകുപ്പ് നിരോധിച്ചു. ചാലിയാറിലെ കുത്തൊഴുക്കിന് മീതെ സുരക്ഷിത സർവിസിന് നിലവിലുള്ള ജങ്കാർ യോഗ്യമല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ താൽക്കാലികമായി സർവിസ് നിർത്തലാക്കി ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് തന്നെ ഓട്ടം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് തുറമുഖ വകുപ്പ് കരാറുകാർക്ക് നോട്ടീസ് നൽകിയത്.
പൊലീസ്, ഫയർഫോഴ്സ്, തുറമുഖം, കടലുണ്ടി പഞ്ചായത്ത് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സുരക്ഷ പരിശോധിച്ചതിന് പിന്നാലെ വ്യാഴാഴ്ച തുറമുഖ വകുപ്പ് മുന്നറിയിപ്പില്ലാതെ ജങ്കാർ പിടിച്ചെടുത്ത് വിശദ പരിശോധന നടത്തിയിരുന്നു. തുടർന്നായിരുന്നു ഇന്നലെ നോട്ടീസ് നൽകിയത്. കഴിഞ്ഞ മാസം പ്രൊപ്പല്ലർ ചാലിയാറിൽ ഊരി വീണ് ജങ്കാർ സർവിസ് നിർത്തിവെച്ചിരുന്നു. ഈ സംഭവം തുറമുഖ വകുപ്പ് ഗൗരവത്തിലെടുത്തിരുന്നു.
ചാലിയം-ബേപ്പൂർ കരകൾക്കിടയിൽ ഒരു കിലോമീറ്ററോളം വീതിയും അഴിമുഖത്തിന് വിളിപ്പാടകലെ ആഴം നിശ്ചയിക്കാൻ പോലും കഴിയാത്ത ഏറെ ശ്രമകരമായ ജലപാതയിലൂടെയുമാണ് ജങ്കാറിന്റെ ഓട്ടം. പതിറ്റാണ്ടുകൾക്ക് മുമ്പ് തോണി യാത്രയായിരുന്നു. തോണി ദുരന്തത്തിന് ശേഷം ബോട്ട് സർവിസായി. പിന്നീടുള്ള ജങ്കാറിന്റെ വരവിൽ യാത്രക്കാർ തൃപ്തരാണ്. അതിനാൽ ഒരു ദുരന്തമുണ്ടാകാതിരിക്കാനാണ് തുറമുഖ വകുപ്പ് ശ്രദ്ധിക്കുന്നത്.
വാഹനങ്ങളിലിരിക്കുന്നവരുൾപ്പെടെ ദിവസം ആയിരത്തോളം യാത്രക്കാർ ജങ്കാറിനെ ആശ്രയിക്കുന്നുണ്ട്. പരപ്പനങ്ങാടി, വള്ളിക്കുന്ന് ഭാഗത്തുള്ളവർ തീരദേശ റോഡുവഴി ചാലിയത്തെത്തി ജങ്കാർ കടന്ന് ബേപ്പൂർ വഴി കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയായി ഈ റൂട്ട് തിരഞ്ഞെടുത്തിട്ടുണ്ട്.
ഇനി കി.മീറ്ററുകൾ യാത്ര ചെയ്ത് ഫറോക്ക് വഴിയേ പോകാനാകൂ. ഇരുചക്രവാഹനങ്ങൾ മുതൽ വലിയ കാറുകൾ വരെ ജങ്കാർ കടക്കുന്നുണ്ട്. കലക്ടറേറ്റിൽ നിന്നുള്ള ഇടപെടൽ കൂടി വന്നതോടെയാണ് തുറമുഖ വകുപ്പിന്റെ തിരക്കിട്ട നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.