കൊല്ലത്ത് ഗർഭിണിയായ അഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിർന്ന അഭിഭാഷകനെ അറസ്റ്റ് ചെയ്യണം -ജസ്റ്റീഷ്യ
text_fieldsകോഴിക്കോട്: കൊല്ലത്ത് മുതിർന്ന അഭിഭാഷകനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗർഭിണിയായ യുവ അഭിഭാഷകയുടെ പരാതിയിൽ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് പരാതി.ഈ മാസം 14ന് നടന്ന സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനപ്പൂർവം വൈകിപ്പിക്കുകയാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.
യുവതിയുമായി പ്രതിയുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകൻ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയർക്കുകയും അശ്ലീല ആംഗ്യം കാണിച്ചതായുമുള്ള പരാതിയിലും തക്കതായ വകുപ്പുകൾ ചുമത്തി കേസ് എടുക്കേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ ആവശ്യപ്പെട്ടു.
അഭിഭാഷക സംഘടനകൾ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് അനീതിയാണെന്നും അഭിഭാഷക സമൂഹം ഇക്കാര്യത്തിൽ ഉണർന്ന് പ്രതികരിക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് പറഞ്ഞു. ഇരയാക്കപ്പെട്ട അഭിഭാഷകക്ക് നീതി ലഭിക്കും വരെ ജസ്റ്റീഷ്യ പരാതിക്കാരിക്കൊപ്പം നിലകൊള്ളുമെന്നും ജസ്റ്റീഷ്യ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
കോഴിക്കോട് ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൽ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ ഫൈസൽ പി. മുക്കം, അഡ്വ. എം.എം. അലിയാർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ അഹദ് കെ., സംസ്ഥാന ട്രഷറർ അഡ്വ. മുഹമ്മദ് ഇഖ്ബാൽ,സെക്രട്ടറിമാരായ അഡ്വ. രഹ്‌ന ഷുക്കൂർ, അഡ്വ. അമീൻ ഹസ്സൻ കെ, അഡ്വ. തജ്‌മൽ സലീഖ് തുടങ്ങിയവരും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.