സെർവർ ജാമായി, ടോക്കൺ വിതരണം തടസ്സപ്പെട്ടു; ബീച്ച് ആശുപത്രിയിൽ ബഹളം
text_fieldsകോഴിക്കോട്: സെർവർ പണിമുടക്കി ഒ.പി ടോക്കൺ വിതരണം മുടങ്ങിയതോടെ ബീച്ച് ആശുപത്രിയിൽ രോഗികളുടെ ബഹളം. തിങ്കളാഴ്ച 11.30ഓടെയാണ് സെർവർ പണിമുടക്കി ടോക്കൺ വിതരണം തടസ്സപ്പെട്ടത്. 20 മിനിറ്റിലധികം ടോക്കൺ വിതരണം നിലച്ചു. ഇതോടെ വരിയിൽ നിന്ന രോഗികൾ ബഹളംവെക്കുകയായിരുന്നു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മാത്രല്ല, 10 മണിക്ക് മുമ്പുതന്നെ ഓർത്തോ, സർജറി, ത്വക് രോഗം എന്നീ വിഭാഗങ്ങളിലെ ഒ.പി ടോക്കൺ തീർന്നിരുന്നു. പിന്നീട് വന്നവരെല്ലാം ടോക്കൺ കിട്ടാതെ മടങ്ങേണ്ടി വന്നതും രോഗികളുടെ ക്ഷോഭത്തിനിടയാക്കി.
ശനിയാഴ്ച ഡോക്ടർമാരുടെ പണിമുടക്ക് ആയിരുന്നതിനാൽ തിങ്കളാഴ്ച ഒ.പിയിൽ പതിവിലും കൂടുതൽ പേർ എത്തിയിരുന്നു. 2500ലധികം പേരാണ് തിങ്കളാഴ്ച ഒ.പിയിൽ ചികിത്സ തേടിയെത്തിയത്. ഇതു കാരണം ഉച്ചക്ക് 12.30 കഴിഞ്ഞിട്ടും ടോക്കൺ കാത്ത് ആശുപത്രി കോമ്പൗണ്ടിൽ രോഗികളുടെ നീണ്ടവരി കാണാമായിരുന്നു. പൊരിവെയിലത്ത് പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ വരിനിൽക്കേണ്ടി വന്നതും രോഗികളുടെ ദുരിതം ഇരട്ടിയാക്കി. ഇ-ഹെൽത്ത് കാർഡ് അടക്കം അഞ്ച് കൗണ്ടറുകളാണ് ബീച്ച് ആശുപത്രിയിലെ പുതിയ ടോക്കൺ ബ്ലോക്കിൽ പ്രവർത്തിക്കുന്നത്. സെർവർ തകരാറ് ആവുന്നതോടെ ഇവയുടെയെല്ലാം പ്രവർത്തനം നിലക്കും. പിന്നീട് ഒ.പി ടോക്കൺ എഴുതിനൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നും ജീവനക്കാർ പറയുന്നു.
ഇ-ടോക്കൺ സോഫ്റ്റ് വെയറിന്റെ സെർവർ ഇടക്കിടെ പണിമുടക്കുന്നത് കാരണം ബീച്ച് ആശുപത്രിയിൽ ടോക്കൺ വിതരണം മുടങ്ങുന്നത് പതിവാണ്. കെൽട്രോണാണ് ടോക്കൺ സോഫ്റ്റ് വെയറിന്റെ സെർവർ രൂപകൽപന ചെയ്തതും നിയന്ത്രിക്കുന്നതും. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ നിരവധി തവണ കെൽട്രോണിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.