കോഴിക്കോട് ജില്ലയിൽ കെ.എസ്.ഇ.ബിയുടെ ഏഴ് ഇ.വി ചാര്‍ജിങ് സ്റ്റേഷൻ കൂടി
text_fieldsകോഴിക്കോട്: ജില്ലയിൽ ഏഴ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ (ഇ.വി ചാർജിങ് സ്റ്റേഷൻ) ഉടൻ പ്രവർത്തനമാരംഭിക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗാന്ധിറോഡ്, പാവങ്ങാട്, രാമനാട്ടുകര, കുറ്റിക്കാട്ടൂർ, കൊയിലാണ്ടി, താമരശ്ശേരി, പുതുപ്പാടി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
എല്ലായിടത്തെയും സ്റ്റേഷനുകളുടെ നിർമാണപ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. യന്ത്രസാമഗ്രികളും സ്ഥാപിച്ചുകഴിഞ്ഞു. മൂന്നിടത്ത് ഒറ്റപ്പെട്ട ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
കുറ്റിക്കാട്ടൂർ, കൊയിലാണ്ടി, പുതുപ്പാടി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ കാർ, സ്കൂട്ടർ, ഓട്ടോ എന്നിവ ചാർജ് ചെയ്യാനാവുമെന്നും മറ്റിടങ്ങളിൽ കാറുകൾ മാത്രമാണ് ചാർജ് ചെയ്യാനാവുകയെന്നും കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ എ. വിജയകുമാർ പറഞ്ഞു.
ജില്ലയുടെ പത്തോളം ഭാഗങ്ങളിൽ നിലവിൽ പോൾ മോഡൽ ചാർജിങ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിലുൾപ്പെടെ സ്ഥാപിച്ച ഇവയിൽനിന്ന് ഓട്ടോകളും സ്കൂട്ടറുകളും ചാർജ് ചെയ്യാം. ഉദ്ഘാടനം ചെയ്യാനുള്ള ചാർജിങ് സ്റ്റേഷനുകളിൽ വിവിധ തരത്തിലുള്ള കാറുകൾക്കായി പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഫാസ്റ്റ് ചാർജിങ് രീതിയായതിനാൽ കാറുകാർക്കടക്കം ഒരുമണിക്കൂറിനുള്ളിൽ ചാർജിങ് പൂർത്തിയാക്കാം. രണ്ടു വർഷം മുമ്പ് നല്ലളത്താണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ കെ.എസ്.ഇ.ബി ആദ്യം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും നിലവിൽ ഈ സ്റ്റേഷൻ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതോടെയാണ് മറ്റിടങ്ങളിലും സ്റ്റേഷൻ ആരംഭിക്കാൻ നടപടി സ്വീകരിച്ചത്.
മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രീപെയ്ഡ് സംവിധാനമായതിനാൽ സ്റ്റേഷനുകളിൽ ജീവനക്കാരുണ്ടാവില്ല. ആളുകൾ വാഹനവുമായി വന്ന് സ്വന്തം നിലയിൽ ചാർജ് ചെയ്യുന്ന രീതിയാണ്. ഈ മാസം അവസാനത്തോടെ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.
പെട്രോൾ, ഡീസൽ വിലവർധനയടക്കം മുൻനിർത്തി ആളുകൾ വലിയതോതിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നുണ്ട്. ഇത് വലിയ നേട്ടമാകുമെന്നാണ് കെ.എസ്.ഇ.ബിയും പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.