ഒളവണ്ണയിൽ തെരുവ് നായുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
text_fieldsപന്തീരാങ്കാവ്: ഒളവണ്ണ കമ്പിളിപറമ്പിൽ ബുധനാഴ്ച തെരുവ് നായുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് റോഡിലൂടെ നടന്നുപോകുന്നവരെയും വീട്ടിനകത്തിരിക്കുന്നവരേയുമെല്ലാം നായ് കടിച്ചത്. വയറിന് കടിയേറ്റ് റോഡിൽ വീണ മണ്ണാറക്കൽ പാത്തൈ (80) കൈ എല്ലു പൊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയാട്ടിൽ ഇമ്പിച്ചി പാത്തുവിനെ (75) അടുക്കളയിൽ കയറിയാണ് കടിച്ചത്. ജുനൈദ് (40), ദിലീപ് (40) എന്നിവർക്ക് ജോലി സ്ഥലത്തുവെച്ചാണ് കടിയേറ്റത്.
വെള്ളരിക്കൽ റാഹിൽ (38), ചിറക്കൽ റഫീഖ് (45), ചെറയക്കാട്ട് അബിൻ അമദ് (23) എന്നിവരും കടിയേറ്റ് ചികിത്സയിലാണ്. വാർഡ് മെംബർ മുസ്തഫ വെള്ളരിക്കൽ, മഠത്തിൽ അബ്ദുൾ അസീസ്, ബാബുരാജ്, സി. റഫീഖ്, കെ.സി. ഹബീബ്, സി. മുസ്തഫ, പി. ഫിർദാസ് എന്നിവർ കടിയേറ്റവരെ ആശുപത്രിയിലെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
തിങ്കളാഴ്ച വൈകീട്ട് പള്ളിപ്പുറത്ത് പടിഞ്ഞാറു വീട്ടിൽ അനിൽ കുമാറിന് (53) തെരുവുനായുടെ കടിയേറ്റിരുന്നു. കൈമ്പാലത്ത് ഒരു സ്ത്രീയും നായുടെ കടിയേറ്റ് ചികിത്സയിലാണ്. ഒളവണ്ണയിലും പെരുമണ്ണയിലും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് നായുടെ കടിയേറ്റ് ചികിത്സയിലായത്. വീടിന്റെ മുറ്റത്ത് കളിച്ചിരുന്ന പിഞ്ച് കുട്ടിയടക്കം നിരവധി പേർക്ക് കഴിഞ്ഞ ദിവസം പെരുമണ്ണയിലും കടിയേറ്റിരുന്നു. സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ ഏറെ ഭീതിയിലാണ് യാത്രചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.