പണി തുടങ്ങി ഏഴു കൊല്ലം; ആദ്യ പാർക്കിങ് സമുച്ചയം അനിശ്ചിതത്വത്തിൽ
text_fieldsകോഴിക്കോട്: ഗതാഗതക്കുരുക്കഴിക്കാൻ മാനാഞ്ചിറക്കും സ്റ്റേഡിയത്തിനുമടുത്തുള്ള പാർക്കിങ് പ്ലാസ പണിയാൻ കോർപറേഷൻ നടപടികൾ പുരോഗമിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ നഗരത്തിലെ ആദ്യ പാർക്കിങ് പ്ലാസയുടെ നിർമാണം നിലച്ചു.
ബി.ഒ.ടി അടിസ്ഥാനത്തിൽ പത്തുനില പാർക്കിങ് സമുച്ചയം പണിയാണ് അനിശ്ചിതത്വത്തിലായത്. സ്വന്തമായി പാർക്കിങ് നയരേഖയുള്ള സംസ്ഥാനത്തെ ആദ്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട്ടെ ആദ്യ പാർക്കിങ് പ്ലാസക്കാണ് തടസ്സങ്ങൾ തുടരുന്നത്.
2008ൽ കോർപറേഷൻ കൗൺസിൽ അംഗീകാരം നല്‍കി 2015ല്‍ പണി തുടങ്ങിയ പ്ലാസ 2019 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഗ്രൗണ്ട് ഫ്ലോറടക്കം അഞ്ചു നിലകളുടെ നിർമാണം പൂർത്തിയായെങ്കിലും ഇതിന് മുകളിൽ കാറുകൾ നിർത്താനുള്ള ഇരുമ്പിൽ തീർത്ത 10 നിലകളുടെ പണിയാണ് നിന്നുപോയത്.
കരാറുകാർ പണി പൂർത്തിയാക്കാത്തതാണ് പ്രശ്നം. പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണമാണ് നടത്തേണ്ടത്. തിരുവനന്തപുരം കൊച്ചുവേളിയിൽ ഒന്നിച്ച് കൂട്ടിച്ചേർത്തശേഷം അവിടെനിന്ന് അഴിച്ചെടുത്ത് വിവിധ ഭാഗങ്ങൾ ലിങ്ക് റോഡിലെത്തിച്ച് വീണ്ടും ഒന്നിപ്പിക്കാനാണ് പദ്ധതി.
എന്നാൽ, പണി മുന്നോട്ട് കൊണ്ടുപോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും പൂർത്തിയാക്കാനായില്ല. 90 കാറുകൾ നിർത്താൻ സൗകര്യമുള്ള ഇരുമ്പുകൊണ്ടുള്ള 10 നിലകൾ തിരുവനന്തപുരത്ത് തയാറായതായി കരാറുകാർ പറഞ്ഞിരുന്നു.
ഇവ കോഴിക്കോട്ടെത്തിച്ച് നിർമാണം തീർന്ന നാല് കോൺക്രീറ്റ് നിലകൾക്ക് നടുവിൽ സ്ഥാപിക്കുന്ന ജോലിയാണ് നടക്കേണ്ടത്. 'ഓട്ടോമേറ്റഡ് മൾട്ടി ലെവൽ മോഡുലർ കാർ പാർക്കിങ്' എന്ന നവീന സാങ്കേതിക വിദ്യയാണിത്. കോട്ടയം പുതുപ്പള്ളി ജോയ് എബ്രഹാമും മകൻ മെക്കാനിക്കൽ എൻജിനീയറായ ഓബിൻ ജോയും ചേർന്ന് രൂപകൽപന ചെയ്ത സംവിധാനമാണിത്.
തിരുവനന്തപുരം ടെക്നോപാർക്കിൽ ഇത് പരീക്ഷിച്ച് വിജയമെന്ന് തെളിഞ്ഞതായി കരാറുകാർ അവകാശപ്പെട്ടിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽനിന്ന് വാഹനം ലിഫ്റ്റിലെന്നപോലെ പൊക്കിയെടുത്ത് മുകൾനിലയിൽ അടുക്കിവെക്കുന്നതാണ് രീതി.
15 മീറ്ററോളം വ്യാസമുള്ള സ്ഥലത്താണ് 10 നിലകളിലായി 90 കാറുകൾ അടുക്കിവെക്കാനാവുന്നത് എന്നതായിരുന്നു പ്രത്യേകതയായി പറഞ്ഞിരുന്നത്. നഗരസഭയുടെ കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചിരുന്ന 24 സെൻറ് സ്ഥലത്താണ് പാർക്കിങ്ങ് പ്ലാസ നിർമാണം പാതിവഴിക്ക് കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.