പാളയെത്ത രോഗിയാക്കി 'മലിനജലത്തടാകം'
text_fieldsകോഴിക്കോട്: ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന പാളയത്തെ മലിനജലക്കെട്ട് ആരോഗ്യഭീഷണി ഉയർത്തു. നഗരസഭ ആരോഗ്യവിഭാഗം ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടുപിന്നിലായി ബസ് സ്റ്റാൻഡിനുള്ളിലാണ് വെള്ളക്കെട്ട്. സ്റ്റാൻഡിലെ ശുചിമുറിമാലിന്യവും നഗരസഭയുടെ കെട്ടിടങ്ങളിലെ മറ്റു മലിനജലവുമെല്ലാം ഒഴിവാക്കാനുള്ള വലിയ ടാങ്കിന്റെ നിർമാണം മഴകാരണം വൈകിയതാണ് 'മലിനജല തടാകം' സൃഷ്ടിച്ചത്.
നേരത്തെ ഇവിടെയുണ്ടായിരുന്ന ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെ ഒഴിവാക്കിയാണ് 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് വലിയ ശുചിമുറി ടാങ്ക് നിർമിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനായി പഴയതെല്ലാം പൊളിച്ചുനീക്കി വലിയ കുഴിയെടുക്കുകയും അടിഭാഗം കോൺക്രീറ്റിടുകയും ചെയ്തു.
എന്നാൽ, മഴ തുടങ്ങിയതോടെ കുഴിയിൽ ഒരാളിലേറെ പൊക്കത്തിൽ വെള്ളം നിറഞ്ഞ് നിർമാണം നിലക്കുകയായിരുന്നു. നിർമാണത്തിനാവശ്യമായ കമ്പി, മെറ്റൽ, എംസാന്റ് എന്നിവയടക്കം സ്ഥലത്ത് സംഭരിച്ചിട്ടുണ്ട്. മഴ മാറിയാലേ പ്രവൃത്തി തുടങ്ങാനാവൂ എന്നാണ് കരാറുകാർ പറയുന്നത്.
കെട്ടിനിൽക്കുന്ന വെള്ളത്തിലിപ്പോൾ കൊതുകുകൾ പെറ്റുപെരുകി. ചുറ്റുഭാഗത്തുമായി കൂട്ടിയിട്ട മണ്ണും മാലിന്യവും എലികളുടെ താവളമാണ്. മഴ ശക്തമായതോടെ ഇവിടത്തെ വെള്ളം ചാലുകീറി പാളയം റോഡിലെ ഓടയിലേക്കാണ് ഒഴുക്കുന്നതെന്നും ഇത് മലിനജലം പരന്നൊഴുകാനിടയാക്കുന്നുവെന്നും തെരുവോര കച്ചവടക്കാർ പറയുന്നു.
കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ വളരുന്നതൊഴിവാക്കാൻ പോലും നഗരസഭ ആരോഗ്യവിഭാഗം നടപടി സ്വീകരിക്കുന്നില്ലെന്നും അരി വാങ്ങാൻ മറ്റു വഴിയില്ലാത്തതിനാലാണ് ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ കച്ചവടത്തിന് വരുന്നതെന്നും ഇവർ പറയുന്നു. ടാങ്കിന്റെ സമീപത്തുതന്നെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കാനുള്ള സൗകര്യവും നഗരസഭ വിഭാവനം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഷീറ്റിടൽ അടക്കം പൂർത്തിയായെങ്കിലും ടാങ്കിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായാൽ മാത്രമേ ഇതിന്റെ ബാക്കി പ്രവൃത്തികൾ നടത്താനാവൂ. ഇവിടത്തെ പഴയ ടാങ്ക് പൊളിച്ചുമാറ്റിയതിനാൽ പാളയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പാളയം റോഡിലെ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ജീവനക്കാർ ശേഖരിച്ച് ചാക്കുകളിലാക്കി ഇവിടെയാണ് സൂക്ഷിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോഴാണ് ഇവ നീക്കുന്നത്. ഇങ്ങനെ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിനടുത്ത് മറ്റു മാലിന്യം തള്ളുന്നതും നിത്യസംഭവമായിട്ടുണ്ട്.
മലിനജലത്തിൽ ആവശ്യമായത്ര ബ്ലീച്ചിങ് പൗഡറോ മറ്റോ വിതറി കൊതുകുകൾ പെറ്റുപെരുകുന്നത് തടയണമെന്നും എലി നശീകരണത്തിന് സംവിധാനം വേണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.