മലിനജല പ്ലാന്‍റിന് സ്ഥലം ഏറ്റെടുക്കൽ: കോതിയിൽ സംഘർഷം, കൂട്ട അറസ്റ്റ്
text_fieldsകോഴിക്കോട്: കോതിയിൽ കോഴിക്കോട് കോർപറേഷന്‍റെ മലിനജല സംസ്കരണ പ്ലാന്‍റിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്കിടെ സംഘർഷം. പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ്ചെയ്തു നീക്കി. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ 41ാളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, പ്രതിഷേധക്കാരിലൊരാളായ റുഖിയാബിക്ക് പരിക്കേറ്റു. ഇവരുടെ കാലിന് പൊലീസ് ചവിട്ടിയെന്ന് ബന്ധു പരാതിപ്പെട്ടു.
ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്തു നിന്നവരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വലിയ തോതിലുള്ള പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നുവെങ്കിലും പൊലീസ് ശക്തമായി നേരിട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു. സമരം ചെയ്ത സ്ത്രീകളെ പുരുഷ പൊലീസ് ആക്രമിച്ചതായി പരാതിയുയർന്നു.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ആദ്യം ഉദ്യോഗസ്ഥർ എത്തിയത്. അപ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 10 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് രാവിലെ അറസ്റ്റ് ചെയ്തത്. പിന്നീട് ഉച്ചക്ക് 12ഓടെ പദ്ധതിപ്രദേശം മറയ്ക്കാനുള്ള ഷീറ്റുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞു. അപ്പോഴേക്കും കൂടുതൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. സർക്കാർ നടപടിയെ ചെറുക്കാൻ ശ്രമിച്ചവരെ പൊലീസ് കർശനമായി നേരിട്ടു. പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പരിസരത്തു നിന്നവരെ വിരട്ടി.
അറസ്റ്റ് ചെയ്തവരെ വൈകീട്ട് ജാമ്യത്തിൽ വിട്ടയച്ചു. എം.പി. കോയട്ടി, ഇ.പി. അഷ്റഫ്, എം.പി. സിദ്ദീഖ്, കെ. മുഹമ്മദലി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാർ തുടങ്ങിയവർ കോതി സന്ദർശിച്ചു. സൗത്ത് അസി. കമീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. മൊത്തം 52ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനുശേഷം പൊലീസിന്‍റെ സഹായത്തോടെ അധികൃതർ പദ്ധതിപ്രദേശം കമ്പിയടിച്ച് വേർതിരിച്ചു. ഇരുമ്പുഷീറ്റുകൊണ്ട് പദ്ധതിപ്രദേശം മറയ്ക്കാൻ അധികൃതർ ശ്രമിച്ചതോടെ പ്രതിപക്ഷ കൗൺസിലർമാരായ കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്.
പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കാമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രദേശം അളന്നു തിട്ടപ്പെടുത്താനാണ് സ്ഥലത്തെത്തിയതെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പ്രദേശത്ത് താൽക്കാലിക വേലി സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.
ജനകീയ സമിതി കലക്ടർക്ക് പരാതി നൽകി
കോഴിക്കോട്: മലിനജല സംസ്‌കരണ പ്ലാന്റിന്‍റെ പ്രവൃത്തിയിൽ ഹൈകോടതി വിധി ലംഘനമുണ്ടായതായി പ്രതിരോധ സമിതി ജില്ല കലക്ടർക്ക് പരാതി നൽകി. കല്ലായി പുഴ തീരത്ത് നിർമാണപ്രവർത്തനങ്ങളോ കണ്ടൽ കാടുകൾ വെട്ടുകയോ ചെയ്യാതെ സ്ഥലപരിശോധന നടത്താമെന്ന ഹൈകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് സമരസമിതി ചെയർമാനും കല്ലായി പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.
പുഴയിൽ കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്താണ് അതിർത്തി നിശ്ചയിക്കാനുള്ള ഇരുമ്പ് പോസ്റ്റുകൾ സ്ഥാപിച്ചത്. ഇത് കോടതിവിധിയുടെ ലംഘനമാണ്. ഇക്കാര്യം ഹൈകോടതിയെ രേഖാമൂലം അറിയിക്കും. ബുധനാഴ്ച രാത്രി ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് സമരം ശക്തമാക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.