മലിനജല പ്രശ്നം: മെഡിക്കൽ കോളജിൽ അമൃത് പദ്ധതിയിൽ പ്ലാന്റ് നിർമാണം തുടങ്ങി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിലെ മലിനജല പ്രശ്നത്തിന് പരിഹാരമായി അമൃത് പദ്ധതി വഴി ഒരുങ്ങുന്ന മലിനജല പ്ലാന്റ് നിർമാണ പ്രവർത്തനത്തിെൻറ ആദ്യ ഘട്ടം തുടങ്ങി. മെഡിക്കൽ കോളജ് ഗ്രൗണ്ടിന് സമീപമാണ് പ്ലാന്റിെൻറ നിർമാണ പ്രവൃത്തി തുടങ്ങിയത്.
2021 ജനുവരിയിൽ ഉടൻ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞ മലിനജല പ്ലാന്റാണിത്. അവിടെ പ്ലാന്റ് നിർമിക്കണമെങ്കിൽ ചില മരങ്ങൾ മുറിച്ചുമാറ്റണമെന്നും അതിന് ടെൻഡർ ആയില്ലെന്നും അധികൃതർ പറഞ്ഞു. മരം മുറിച്ചുമാറ്റാൻ നാലു തവണ ടെൻഡറിനു വെച്ചെങ്കിലും ആരും തയാറായില്ല. അതുമൂലം മരംമുറി നീണ്ടുപോയതാണ് പ്ലാന്റ് നിർമാണം നീളാൻ ഇടയാക്കിയതെന്നും അധികൃതർ പറയുന്നു.
മെഡിക്കൽ കോളജ് ഗ്രൗണ്ടിന് സമീപമുള്ള നിലവിലെ പ്ലാൻറിനടുത്തും നഴ്സിങ് കോളജിനു സമീപത്തുമായി രണ്ടു പ്ലാൻറുകളാണ് ഒരു പദ്ധതിയായി നിർമിക്കുന്നത്. ഗ്രൗണ്ടിന് സമീപത്ത് തുടങ്ങുന്ന പ്ലാൻറിൽ ദിവസവും 20 ലക്ഷം ലിറ്റർ വെള്ളം (2 എം.എൽ.ഡി) സംസ്കരിക്കാനാകും. നഴ്സിങ് കോളജിനു സമീപത്തെ പ്ലാൻറിൽ 10 ലക്ഷം ലിറ്റർ വെള്ളവും ഉൾപ്പെട ആകെ മൂന്ന് എം.എൽ.ഡിയുടെ പ്ലാൻറാണ് 14.50 കോടി രൂപ ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്.
അതിൽ മോർച്ചറി, നഴ്സിങ് കോളജ്, ഡന്റൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമെല്ലാം ഒരു എം.എൽ.ഡി പ്ലാൻറിലേക്കും ഹോസ്റ്റലുകൾ, ത്രിതല കാൻസർ സെൻറർ, നെഞ്ചുരോഗാശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമെല്ലാം പുതിയ രണ്ട് എം.എൽ.ഡി പ്ലാൻറിലേക്കുമാണ് തിരിച്ചു വിടുകയെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ മെഡിക്കൽ കോളജിലെയും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെയും മലിന ജലം ഗ്രൗണ്ടിന് സമീപത്ത് നേരത്തെയുള്ള രണ്ട് എം.എൽ.ഡി പ്ലാൻറ് വഴി സംസ്കരിക്കുന്നുണ്ട്. ഇവിടങ്ങളിൽനിന്നുള്ള വെള്ളം ഐ.എം.സി.എച്ചിന് താഴെയുള്ള കലക്ഷൻ വെല്ലിൽ ശേഖരിച്ച് അതിൽ നിന്ന് സംസ്കരണ പ്ലാന്റിലേക്ക് ഒഴുക്കി വിടും.
സംസ്കരിച്ച വെള്ളം പഴയ റസ്റ്റ് ഹൗസിന് സമീപം നിർമിച്ച കൂറ്റൻ ടാങ്കിലേക്കാണ് മാറ്റുന്നത്. അതിൽ നിന്ന് പൈപ്പ് വഴി കനോലി കനാലിലേക്ക് ഒഴുക്കി വിടുകയാണ് നിലവിൽ ചെയ്യുന്നത്. രണ്ട് എം.എൽ.ഡി പ്ലാന്റിൽ 20 ലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാനാകും. മെഡിക്കൽ കോളജിലെയും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെയും കൂടെ വെള്ളം 14-15 ലക്ഷം ലിറ്റർ മാത്രമാണുള്ളത്. അതിനാൽ മലിന ജലം പൂർണമായും സംസ്കരിക്കാം. എന്നാൽ ആശുപത്രികളിലെ ഓടകളെല്ലാം തുറന്നു കിടക്കുന്നവയായതിനാൽ മഴക്കാലത്ത് വെള്ളം കൂടുതലാണെന്നും ആ സമയം സംസ്കരണശേഷിയേക്കാൾ വെള്ളം വരുന്നുണ്ട്. അതിനാൽ മഴവെള്ളം വേർതിരിക്കാനുള്ള സംവിധാനം ഒരുക്കുന്നതിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പുതിയ പ്ലാൻറുകൾ കൂടി വരുേമ്പാൾ ആകെ അഞ്ച് എം.എൽ.ഡി പ്ലാൻറുകൾ പ്രവർത്തനക്ഷമമാകും. അതോടെ മെഡിക്കൽ കോളജിലെ മലിന ജല പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.