ക്വീൻസ് റോഡിലെ അഴുക്കുചാൽ; എം.എൽ.എ സ്ഥലം സന്ദർശിച്ചു
text_fieldsവടകര: ക്വീൻസ് റോഡിലെ അഴുക്കുചാലിന്റെ സ്ലാബ് തുറന്നുവെച്ചത് ദുരിതത്തിനിടയാക്കുന്നതിന് പരിഹാരം കാണാൻ കെ.കെ. രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു. മാസങ്ങളായി അഴുക്കുചാലിന്റെ സ്ലാബ് ഉയർത്തി മൂടാതെ ഇട്ടിരിക്കുകയാണ്. സ്ഥലത്തെത്തിയ എം.എൽ.എ പൊതുമരാമത്ത്, നഗരസഭ എൻജിനീയർമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി പ്രശ്നം ചർച്ച ചെയ്തു.
നഗര മധ്യത്തിലെ നടപ്പാതയിൽ സ്ലാബിട്ടുമൂടാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡിനുകുറുകെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന അഴുക്കുചാൽ നവീകരിച്ചാൽ മാത്രമേ നിലവിലുള്ള പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂ. ക്വീൻസ് റോഡിലെ നഗരസഭയുടെ അഴുക്കുചാൽ ഉയർന്നും പൊതുമരാമത്തിനുകീഴിലുള്ള റോഡിൽ താഴ്ന്നുമാണ് കിടക്കുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുവിഭാഗങ്ങളിലെയും എൻജിനീയർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം തിങ്കളാഴ്ച ചേരുമെന്ന് എം.എൽ.എ അറിയിച്ചു. ജില്ല സ്കൂൾ കലോത്സവമടക്കം അടുത്തതിനാൽ നടപ്പാത ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.