ഫ്ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച സംഭവം; സീരിയൽ നടിയെ വീണ്ടും ചോദ്യംചെയ്യും
text_fieldsകോഴിക്കോട്: സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനംചെയ്ത് ഫ്ലാറ്റിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടി പൊലീസ് നിരീക്ഷണത്തിൽ. ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യംചെയ്യും. അതേസമയം, കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ കർഷക കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി തിരൂരങ്ങാടി സ്വദേശി കെ. സൈതലവി (61), മുന്നിയൂർ സ്വദേശി കെ.കെ. അബൂബക്കർ (63) എന്നിവർ റിമാൻഡിലാണ്.
കോട്ടയം സ്വദേശിനിയായ 24കാരിയാണ് പീഡനത്തിനിരയായത്. കണ്ണൂരിൽ പട്ടാളക്കാരന്റെ വീട്ടിൽ ജോലിചെയ്യവെ യുവതി കണ്ണൂർ സ്വദേശിനിയും ചില സീരിയലുകളിൽ അഭിനയിക്കുകയും ചെയ്ത സ്ത്രീയുമായി പരിചയത്തിലാവുകയായിരുന്നു. കൂടുതൽ നല്ല അവസരങ്ങൾക്കായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഇവരാണ് സീരിയലിൽ അഭിനയിക്കാൻ അവസരമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയത്.
കാരപ്പറമ്പിലെ ഫ്ലാറ്റിൽ നിർമാതാവുണ്ടെന്നും ഇവിടേക്ക് എത്തണമെന്നും ആവശ്യപ്പെട്ടതോടെ മാർച്ച് നാലിന് സ്ത്രീയും യുവതിയും എത്തി. എന്നാൽ, ശീതള പാനീയം നൽകിയതിനുപിന്നാലെ ഇരുവരെയും യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കുളിമുറിയിൽ കയറി വാതിലടച്ചതിനാൽ താൻ രക്ഷപ്പെട്ടെന്നുമാണ് നടിയായ സ്ത്രീ പൊലീസിനോട് ആദ്യം പറഞ്ഞത്. അവശയായ യുവതിയെ കാറിൽ കയറ്റി യുവാക്കൾ അരയിടത്തുപാലത്തിനടുത്ത സ്വകാര്യ ആശുപത്രിക്കുസമീപം ഇറക്കിവിട്ടാണ് കടന്നുകളഞ്ഞത്.
പ്രതികളിലൊരാൾ ഈ ഫ്ലാറ്റിലെ സ്ഥിര താമസക്കാരനാണ്. രണ്ടാമത്തെയാൾ ഇയാളുടെ സുഹൃത്താണ് എന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. നടിയെ നേരത്തെ ചോദ്യംചെയ്തപ്പോൾ പ്രതികളുമായി ചില സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽനിന്ന് നടി ഒഴിഞ്ഞുമാറുകയാണ് അന്ന് ചെയ്തത്. അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭ്യമായ വിവരങ്ങളിൽ വ്യക്തത വരുത്തുന്നത് ലക്ഷ്യമിട്ടാണ് നടിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
പരാതിക്കാരിയും പ്രതികളും നടിയും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പലതും ഡിലീറ്റാക്കിയതായും മനസ്സിലായിട്ടുണ്ട്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.