എസ്.എഫ്.ഐയെ നിരോധിക്കണം -യു.ഡി.എഫ്; കൗൺസിലിൽ ബഹളം
text_fieldsകോഴിക്കോട്: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിൽ വിദ്യാർഥി സിദ്ധാർഥൻ മരിച്ചതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉത്തരവാദിയായ എസ്.എഫ്.ഐയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ എസ്.കെ. അബൂബക്കറിന്റെ അടിയന്തര പ്രമേയത്തിന് മേയർ അവതരണാനുമതി നിഷേധിച്ചതിൽ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് പ്രതിഷേധം.
അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രമേയം മേയർ വായിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യങ്ങളുമായി എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുകയായിരുന്നു. അടിക്കടി ആവശ്യപ്പെട്ടിട്ടും യു.ഡി.എഫ് വഴങ്ങാത്തതിനാൽ ബി.ജെ.പിയിലെ ടി. റനീഷിന്റെയും സി.പി.എമ്മിലെ എം.സി. അനിൽകുമാറിന്റെയും അടിയന്തര പ്രമേയങ്ങൾ മേയർ ഡോ. ബീന ഫിലിപ് ചർച്ചക്കെടുത്തു.
യു.ഡി.എഫ് ബഹളം കടുപ്പിച്ചതോടെ ബി.ജെ.പി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാതെ ഹാൾ വിട്ടിറങ്ങി. വന്യമൃഗ ആക്രമണത്തിൽ നടപടി ശക്തമാക്കാനും നഷ്ടപരിഹാരം വർധിപ്പിക്കാനും കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന എം.സി. അനിൽകുമാറിന്റെ പ്രമേയം ബഹളത്തിനിടെ കൗൺസിൽ അംഗീകരിച്ചു. ബഹളം തീർന്നതോടെ തിരിച്ചെത്തിയ ബി.ജെ.പി അംഗങ്ങൾ വന്യമൃഗശല്യത്തിൽ സംസ്ഥാന സർക്കാർ നഷ്ടം വർധിപ്പിക്കണമെന്ന തങ്ങളുടെ പ്രമേയം ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രമേയം അവതരിപ്പിക്കാതെ സഭ വിട്ടതുകൊണ്ട് ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതിനാൽ ചർച്ചചെയ്യാനാവില്ലെന്ന് മേയർ നിലപാടെടുത്തു.
കുടിവെള്ളം: അടിയന്തര യോഗം വിളിക്കും
നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജല അതോറിറ്റിയുടെ ഉന്നതതല യോഗം വിളിക്കാൻ യോഗം തീരുമാനിച്ചു. നഗരത്തിൽ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയെപ്പറ്റിയും ഇത് പൈപ്പിൽ പ്രഷർ കുറയുന്നതിനാലാണെന്നും കെ.ടി. സുഷാജാണ് ശ്രദ്ധ ക്ഷണിച്ചത്. അമൃത് പദ്ധതിയിൽ വൻ തുക നൽകിയിട്ടും ഗുണമേന്മ കുറഞ്ഞ പൈപ്പടക്കമുള്ളവയാണ് ഉപയോഗിക്കുന്നതെന്ന് ടി.കെ. ചന്ദ്രൻ പറഞ്ഞു. ബീച്ച് മേഖലയിലെ സാമൂഹിക വിരുദ്ധ ശല്യത്തെപ്പറ്റി കെ. റംലത്ത് ശ്രദ്ധ ക്ഷണിച്ചു. നഗരത്തിലെ അനധികൃത ഡിജിറ്റൽ ബോർഡുകൾക്കെതിരെ നടപടിയെടുക്കും. വെങ്ങാലി മേൽപാലത്തിൽ തെരുവുവിളക്കുകൾ വീണ്ടും കത്തിക്കാനുള്ള കരാർ ഉടനാവും. വി.കെ. മോഹൻദാസാണ് ഇതേപ്പറ്റി ശ്രദ്ധ ക്ഷണിച്ചത്.
സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉടൻ നീക്കും
വെസ്റ്റ്ഹില്ലിലെയും ഞെളിയൻ പറമ്പിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ഉടൻ നടപടിയുണ്ടാവുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ അറിയിച്ചു. മാലിന്യം നീക്കാൻ അടുത്തയാഴ്ചക്കകം നടപടിയുണ്ടാവുമെന്നും തീപിടിത്തങ്ങളുണ്ടാവാതിരിക്കാൻ അടിയന്തര മുൻകരുതലെടുത്തിട്ടുണ്ടെന്നും എം.സി. സുധാമണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി അവർ പറഞ്ഞു. അനധികൃത തെരുവുകച്ചവടം വർധിക്കുന്ന കാര്യത്തിൽ വരുൺ ഭാസ്കർ ശ്രദ്ധ ക്ഷണിച്ചു. നഗരത്തിൽ 2812 വഴിയോര കച്ചവടക്കാരാണുള്ളതെന്നും ഇവർക്ക് വെൻഡിങ് മേഖലകൾ തരം തിരിച്ച് നൽകുന്നതോടെ പ്രശ്നത്തിൽ ആശ്വാസമുണ്ടാവുമെന്നും സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. ടി.കെ. ചന്ദ്രൻ, വി.പി. മനോജ് എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.