ഷഹബാസ് വധം; കുറ്റാരോപിതരെ പരീക്ഷ എഴുതിപ്പിക്കുന്നതിനെതിരെ സമര പരമ്പര
text_fieldsഷഹബാസിന്റെ കൊലപാതകികളെ പരീക്ഷ എഴുതിക്കുന്നതിൽ പ്രതിഷേധിച്ച് വെള്ളിമാട്കുന്ന്
ജുവൈനൽ ഹോമിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ്
നീക്കുന്നു ഫോട്ടോ: ബിമൽ തമ്പി
കോഴിക്കോട്: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ പാർപ്പിക്കുകയും പരീക്ഷ എഴുതിപ്പിക്കുകയും ചെയ്ത വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധ പരമ്പര. പരീക്ഷ എഴുതിപ്പിക്കുന്നത് തടയുമെന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരെ എവിടെ പരീക്ഷ എഴുതിപ്പിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വവും അവ്യക്തതയും നിലനിന്നിരുന്നു.
കുറ്റാരോപിതരെ അവർ പഠിച്ചിരുന്ന താമരശ്ശേരി എം.ജെ സ്കൂളിലേക്ക് പരീക്ഷ എഴുതാൻ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്ന് കാണിച്ച് കോഴിക്കോട് റൂറൽ എസ്.പി വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. അതിനാൽ ജുവനൈൽ ഹോമിന് തൊട്ടടുത്തുള്ള ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂളിലോ എൻ.ജി.ഒ ക്വാട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലോ പരീക്ഷ എഴുതിപ്പിക്കാനായിരുന്നു പദ്ധതി. പൊലീസും വിദ്യാഭ്യാസ വകുപ്പും രഹസ്യമായാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. സർക്കാർ സ്കൂളായ എൻ.ജി.ഒ ക്വാട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മുൻതൂക്കം നൽകിയത്. എന്നാൽ, ഇവിടത്തെ രക്ഷിതാക്കളിൽനിന്ന് എതിർപ്പ് ഉയർന്നു. മാത്രമല്ല, വിവിധ സംഘടനകളുടെ കനത്ത പ്രതിഷേധങ്ങൾ സ്കൂളിൽ പരീക്ഷ എഴുതുന്ന മറ്റു കുട്ടികളെകൂടി ബാധിക്കുമെന്നതും അധികൃതർക്കു മുന്നിൽ പ്രശ്നമായി ഉയർന്നുവന്നു. അങ്ങനെയാണ് ജുവനൈൽ ഹോമിൽതന്നെ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്.
ജുവനൈൽ ഹോമിലേക്ക് പുലർച്ച ആറേമുക്കാലോടെ കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജിന്റെ നേതൃത്വത്തിൽ 15ഓളം കെ.എസ്.യു പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് എ.ആർ ക്യാമ്പിലേക്ക് മാറ്റി. കുറച്ചുസമയം കഴിഞ്ഞ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകരെ ജുവനൈൽ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിലെത്തുന്നതിന് മുമ്പുതന്നെ പൊലീസ് കരുതൽ തടങ്കലിലെടുത്തു.
ഇതിനിടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേർ മതിൽ ചാടിക്കടന്ന് ജുവനൈൽ ഹോമിനുള്ളിലേക്ക് പ്രവേശിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പിന്നീട് പത്തോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് പ്രകടനമായി വരുകയും ചെയ്തു. ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി യൂത്ത് കോൺഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ പലതവണ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മുഴുവൻ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അര്ജുന് പൂനത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന് പീറ്റര്‍, ഫിലിപ്പ് ജോണ്‍, ശേഷ ഗോപന്, നൂര്‍ നിഹാദ്, ജോര്‍ജ് കെ. ജോസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ട്രഷറർ അഷർ പെരുമുക്ക്, ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ട്രഷറർ ഷമീർ പാഴൂർ തുടങ്ങി 85ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ശക്തമായ സമരപരമ്പരതന്നെയാണ് കോമ്പൗണ്ടിന് പുറത്തും അകത്തും അരങ്ങേറിയത്. മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.