ലോക്ഡൗൺ കാലത്ത് വെറുതെയിരുന്നില്ല; പൂർത്തിയാക്കിയത് 50 ഓൺലൈൻ കോഴ്സുകൾ
text_fieldsനന്മണ്ട: കോവിഡ് കാലം പലർക്കും വിരസതയുടേതാണ്. എന്നാൽ, കൂളിപ്പൊയിലിലെ കുറുപ്പശ്ശൻകണ്ടി ഷാഹിദ് കോവിഡ് കാലം തെൻറ അറിവ് പതിന്മടങ്ങ് വർധിപ്പിച്ച ആവേശത്തിലാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള യൂനിവേഴ്സിറ്റികളിൽനിന്ന് വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 50 ഓൺലൈൻ കോഴ്സുകളാണ് ഷാഹിദ് കോവിഡ് കാലത്ത് പൂർത്തിയാക്കിയത്.
വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്രം അധ്യാപകനായ കെ.കെ. ഷാഹിദിന് 'സർട്ടിഫിക്കറ്റ് ശേഖരണം' മുമ്പേ തന്നെ ഹരമാണ്. സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദമുള്ള ഷാഹിദ് അഞ്ചുവർഷം കേരള പൊലീസിലും എട്ടുവർഷം വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായും പ്രൈമറി സ്കൂൾ അധ്യാപകനുമായതിനു ശേഷമാണ് ഇവിടെ എത്തിനിൽക്കുന്നത്. ബിരുദാനന്തര ബിരുദത്തോടൊപ്പം പി.ജി.ഡി.ഇ.എം.എ, സി.എം.എൽ.ഡി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കിയിരുന്നു.
വിദ്യാഭ്യാസ കുതുകികൾക്ക് ലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കാനായി വിവിധ യൂനിവേഴ്സിറ്റികളുടെ ഓൺലൈൻ കോഴ്‌സുകൾ ചെയ്യാനവസരമൊരുക്കുന്ന മൂക് (മാസിവ് ഓപൺ ഓൺലൈൻ കോഴ്സ്) വഴി കോഴ്സിറ (COURSERA) പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സുകൾ പൂർത്തീകരിച്ചത്. ഫാറൂഖ് ട്രെയിനിങ് കോളജിെൻറ സ്പോൺസർഷിപ്പിലായിരുന്നു പഠനം. അമേരിക്ക, ബ്രിട്ടൻ, പാരിസ്, ആസ്ട്രേലിയ തുടങ്ങി നിരവധി വിദേശ രാഷ്ട്രങ്ങളിലെ പ്രസിദ്ധമായ കോളറാഡോ, വിർജീനിയ, കേപ്ടൗൺ, പിറ്റ്സ്ബർഗ്, ലണ്ടൻ തുടങ്ങിയ യൂനിവേഴ്സിറ്റികളുടെ ഹ്രസ്വകാല കോഴ്സുകളാണ് ഷാഹിദ് പൂർത്തിയാക്കിയത്.
സൈക്കോളജിയിൽ ഏഴ്, മാനവിക വിഷയങ്ങളിൽ 11, വിദ്യാഭ്യാസം -ഒമ്പത്, ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഞ്ച്, കോവിഡ്-19മായി ബന്ധപ്പെട്ട രണ്ടു കോഴ്സുകൾ, പഠനവൈകല്യമുള്ളവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 11 കോഴ്‌സുകൾ, ലീഡർഷിപ്പുമായി ബന്ധപ്പെട്ട അഞ്ചു കോഴ്സുകൾ എന്നിവയാണ് ചുരുങ്ങിയ കാലംകൊണ്ട് ഷാഹിദ് പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.