ടൗൺഹാളിന് നോട്ടം പോരാ, നഗരത്തിന് നാണക്കേട്
text_fieldsകോഴിക്കോട്: ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ടൗൺഹാളിന് ആവശ്യമായ പരിപാലനമില്ലെന്ന പരാതി വ്യാപകം. ടാഗോർ ഹാൾ അപകടാവസ്ഥയിലായി അടച്ചതോടെ നഗരത്തിലെ പ്രധാന പരിപാടികൾക്കെല്ലാം വേദിയാവുന്ന ടൗൺഹാളിലെത്തുന്ന മറ്റ് ദേശത്തുള്ളവർ കോഴിക്കോട്ടെ ടൗൺഹാൾ കണ്ട് പരിഹസിക്കുകയാണെന്ന് സാംസ്കാരിക പ്രവർത്തകർ പറയുന്നു.
കർട്ടൺ കീറിപ്പറിഞ്ഞിട്ട് കാലമേറെയായി. സ്റ്റേജിന് പിറകിലുള്ള മറ്റു മറകളും കീറിപ്പറിഞ്ഞു. പരിപാടികൾ നടത്തുന്നവർ കെട്ടിയ കയറുകളും ചരടുകളും കെട്ടിപ്പിണഞ്ഞ് മൊട്ടു സൂചികൾ കൊണ്ട് കീറിയ കർട്ടണുകളും തുണികളും തൊട്ടാൽ ഇനിയും കീറുമെന്ന സ്ഥിതിയിലാണ്. ഹാളിലുള്ള സ്പീക്കറുകൾ മിക്കതും പ്രവർത്തനരഹിതവും സ്ഥാനത്തുനിന്ന് ഇളകിയതുമാണ്.
ചുമരിൽ ചുറ്റും നിർമിച്ച അലങ്കാരവിളക്കുകൾ പലതും കത്താതായി. ഇളകിപ്പറിഞ്ഞ് പോയവയുമുണ്ട്. ചുമരിലെ പ്രമുഖരുടെ ചിത്രങ്ങൾ പൊടിപിടിച്ചു. ടൗൺഹാൾ മുറ്റത്തെ അലങ്കാര വിളക്കുകൾ നശിച്ചു. ഹാളിന്റെ പെയിന്റും മങ്ങി. ഓടിട്ട മേൽക്കൂരയുടെ മരത്തിന്റെ തോരണങ്ങൾ പലതും ജീർണിച്ചുവീണു. ഹാളിനകത്തെ കസേരകൾ പഴയപടിയുണ്ടെങ്കിലും ഇരിക്കാൻ മതിയായ സൗകര്യമില്ലാത്ത പഴയ രീതിയിലുള്ളവയാണെന്ന പരാതിയുണ്ട്. സ്റ്റേജിലെ സോഫയുടെ ആകൃതിയുള്ള വെള്ളക്കസേരകളും കുഷ്യനും തകർന്നിട്ടുണ്ട്. ടൗൺഹാളടക്കം മാനാഞ്ചിറക്ക് ചുറ്റുമുള്ള പ്രദേശം പൈതൃക വീഥിയാക്കിമാറ്റാൻ കോർപറേഷൻ ബജറ്റിൽ നിർദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ ടൗൺഹാളടക്കമുള്ള കെട്ടിടങ്ങൾ നവീകരിച്ച് ശുചിയോടെ പരിപാലിക്കുമെന്നാണ് വാഗ്ദാനം.
ഇതിന്റെ ഭാഗമായി ടൗൺഹാൾ നവീകരിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി കോർപറേഷൻ തയാറാക്കിയതായി അധികൃതർ അറിയിച്ചു. ഹാളുകളടക്കം പൊതു ഇടങ്ങൾ സംരക്ഷിക്കാൻ പ്രത്യേക മാനേജ്മെന്റ് കമ്പനിയുണ്ടാക്കാനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.
1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണജൂബിലി ആഘോഷഭാഗമായി അന്നത്തെ മലബാർ കലക്ടർ ഡ്യുമോർഗിന്റെ നേതൃത്വത്തിലാണ് ടൗൺഹാളിന് തറക്കല്ലിട്ടത്. 30 ലക്ഷത്തോളം ചെലവിൽ നഗരസഭയുടെ നവീകരണപ്രവൃത്തികൾ മുൻ ഭരണസമിതി കാലത്ത് നടന്നിരുന്നു.
അവയാണ് ഇപ്പോൾ പഴയപടിയായത്. ഇ.കെ. കൃഷ്ണമേനോൻ ചെയർമാനായ ജൂബിലിയാഘോഷക്കമ്മിറ്റിയുടെ കൈവശം ആഘോഷം കഴിഞ്ഞ് ബാക്കിയായ 1750 രൂപ ചെലവിലാണ് ടൗൺഹാൾ യാഥാർഥ്യമായതെന്നാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.