ആടുകൾ ചത്ത സംഭവം: സാമ്പിൾ ശേഖരിച്ചു
text_fieldsമാവൂർ: ഗ്രാമപഞ്ചായത്ത് വാർഡ് 17ൽ ഊർക്കടവിൽ ആടുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. ശനിയാഴ്ച മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധസംഘമെത്തി രോഗലക്ഷണമുള്ള ആടുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചു. സ്രവങ്ങളുടെയും രക്തം, വിസർജ്യങ്ങൾ എന്നിവയുടെയും സാമ്പിളാണ് ശേഖരിച്ചത്. ജില്ല ലാബ് ഓഫിസർ ഡോ. അമൂല്യ, ജില്ല എപിഡമിക്കൽ ഓഫിസർ നിഷ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. സാമ്പിൾ മൃഗസംരക്ഷണവകുപ്പിെൻറ കോഴിക്കോട് ലാബിലും ആവശ്യമെങ്കിൽ കണ്ണൂരിലെ ലാബിലും പരിശോധിക്കും.
പരിശോധനാഫലം ലഭ്യമാകുന്ന മുറക്ക് മാത്രമേ രോഗം സംബന്ധിച്ച് നിഗമനത്തിലെത്താനാകൂവെന്ന് മാവൂരിലെ വെറ്ററിനറി സർജൻ പി. ബിജുപാൽ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ രോഗലക്ഷണം കാണിക്കുന്ന ആടുകൾക്ക് മരുന്ന് നൽകുന്നുണ്ട്. കൂടുതൽ എണ്ണത്തിലേക്ക് പടരാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്. പരിശോധനഫലം ലഭ്യമായാൽ തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കിടെ 23 ആടുകളാണ് ഇവിടെ ചത്തത്. ഊർക്കടവ് അരീക്കുഴിയിൽ സുബൈറിെൻറ 19ഉം അരീക്കുഴിയിൽ നാസറിെൻറ നാലും ആടുകളുമാണ് ചത്തത്.
നിരവധി ആടുകൾ രോഗലക്ഷണം കാണിക്കുകയും പലതും ഗുരുതരാവസ്ഥയിലുമാണ്. ചുമയും ജലദോഷവും കവിൾവീക്കവും വന്ന് വയറിളക്കത്തോടുകൂടി അവശരാകുകയാണ്. രണ്ടാഴ്ച മുമ്പാണ് ആടുകൾക്ക് രോഗം കണ്ടുതുടങ്ങിയത്. ലക്ഷണം കണ്ടുതുടങ്ങുമ്പോൾതന്നെ മരുന്നും ചികിത്സയും നൽകുന്നവക്ക് രോഗം ഭേദമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.