പയ്യോളിയിൽ ഷിഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്
text_fieldsപയ്യോളി: നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛർദിയും പിടിപ്പെട്ടതിനെ തുടർന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ, വീട്ടിലെ മറ്റുള്ളവർക്കോ സമീപവീടുകളിലുള്ളവർക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
പ്രദേശത്തെ അമ്പതോളം വീടുകളിൽ അധികൃതർ ജാഗ്രത നിർദേശവും സമീപത്തെ പ്രിയദർശിനി ശിശുമന്ദിരത്തിൽ ബോധവത്കരണ ക്ലാസും നടത്തി. വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ മിനി, ജൂനിയർ എച്ച്.ഐമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ ഓഫിസർ ബൈജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.